22 May, 2020 09:06:06 AM
തകിടം മറിഞ്ഞ് അമേരിക്ക; തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷിച്ച് 3.86 കോടി ആളുകള്
ന്യുയോർക്ക്: കൊറോണ വ്യാപനം അമേരിക്കയുടെ സമ്പദ്വ്യവസ്ഥയിൽ സൃഷ്ടിച്ച ആഘാതം ചെറുതല്ല. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥ എന്നറിയപ്പെടുന്ന അമേരിക്കയിൽ തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും അതിരൂക്ഷമാകുന്നു. തൊഴിലില്ലായ്മ നിരക്ക് 15 ശതമാനത്തിലേയ്ക്ക് എത്തുമെന്ന പ്രവചനങ്ങൾക്കിടയിൽ തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്.
ജോലി നഷ്ടപ്പെട്ടതിനെത്തുടർന്നാണ് സർക്കാർ ആനുകൂല്യങ്ങൾക്കായി അപേക്ഷിച്ചവരുടെ എണ്ണം വർധിക്കുന്നത്. കഴിഞ്ഞയാഴ്ച 2.4 ദശലക്ഷം ആളുകളാണ് തൊഴിലില്ലായ്മ ആനുകൂല്യങ്ങൾക്കായി അപേക്ഷിച്ചത്. ഇതോടെ, മാർച്ച് പകുതി മുതൽ തൊഴിലില്ലായ്മ ആനുകൂല്യങ്ങൾക്കായി അപേക്ഷിച്ചവരുടെ എണ്ണം 3.86 കോടിയായി. കോവിഡ് അമേരിക്കയുടെ സമ്പദ്വ്യവസ്ഥയിൽ കൂടുതൽ പ്രതിസന്ധികൾ സൃഷ്ടിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം