21 May, 2020 08:34:16 PM


സുതാര്യമായ പിപിഇ കിറ്റിന് താഴെ അടിവസ്ത്രം മാത്രം: നഴ്സിന് സസ്പെൻഷൻ



മോസ്കോ: കോവിഡ് പോരാട്ടങ്ങള്‍ക്കിടയില്‍ ദേഹം മുഴുവൻ മൂടുന്ന തരത്തിലുള്ള പിപിഇ കിറ്റ് ധരിക്കുമ്പോഴുണ്ടാകുന്ന അസ്വസ്ഥതകള്‍ ഒഴിവാക്കാന്‍ നഴ്സ് സ്വീകരിച്ച വഴി അവരുടെ സസ്പെന്‍ഷനിലെത്തി. കവചം ധരിച്ച് ജോലി ചെയ്യുമ്പോൾ അനുഭവപ്പെടുന്ന ചൂടും വിയര്‍പ്പുമൊക്കെ ഒഴിവാക്കാന്‍ ഇവർ പിപിഇ കിറ്റിന് താഴെ അടിവസ്ത്രങ്ങൾ മാത്രം ധരിച്ചാണ് ജോലിക്കെത്തിയത്. ജോലിക്കിടെയുള്ള ഇവരുടെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ ആശുപത്രി അധികൃതര്‍ നഴ്സിനെ സസ്പെൻഡ് ചെയ്യുകയായിരുന്നു.  മെഡിക്കൽ വസ്ത്രങ്ങളുടെ ആവശ്യകത എന്നത് പാലിച്ചില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.


പുരുഷന്മാരുടെ കോവിഡ് വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് സുരക്ഷാ വസ്ത്രങ്ങൾ ധരിക്കുമ്പോഴുള്ള കടുത്ത ചൂട് സഹിക്കാൻ വയ്യാതെയാണ് ഇത്തരമൊരു രീതി സ്വീകരിച്ചതെന്നാണ് നല്‍കിയ വിശദീകരണം. സുതാര്യമായ കവചിത വസ്ത്രങ്ങളിലൂടെ ഇവരുടെ അടിവസ്ത്രങ്ങൾ വ്യക്തമായി തന്നെ പുറത്തു കാണാമായിരുന്നു. മോസ്കോയിൽ നിന്ന് നൂറ് മൈൽ അകലെയുള്ള തുലയിലെ ഒരു ആശുപത്രിയിലാണ് സംഭവം. ഒരു രോഗി പകർത്തിയ ചിത്രത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. നഴ്സിന്‍റെ വേഷത്തെക്കുറിച്ച് രോഗികളാരും തന്നെ പരാതി ഉയർത്തിയില്ലെന്നാണ് ചിത്രം പകർത്തിയ ആൾ പറയുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K