20 May, 2020 09:09:23 AM
കോവിഡിനെ ചെറുക്കാൻ ഹൈഡ്രോക്സിക്ലോറോക്വിൻ: വിമർശനങ്ങൾ തള്ളി ട്രംപ്
വാഷിംഗ്ടണ്‍ : കോവിഡിനെ ചെറുക്കാൻ മലേറിയയ്ക്ക് നൽകുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്ന് കഴിക്കുന്നത് ശരിയായ രീതിയിൽ തന്നെയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഡോക്ടർമാരുടെ നിർദേശങ്ങൾ പാലിച്ചു തന്നെയാണ് മരുന്ന് കഴിക്കുന്നത്. വൈറ്റ്ഹൗസ് ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് താൻ ഹൈഡ്രോക്സിക്ലോറോക്വിൻ ഉപയോഗിച്ചു തുടങ്ങിയതെന്നും ട്രംപ് പറഞ്ഞു. ഇതിനെതിരെ വിമർശനവുമായി ആരോഗ്യ രംഗത്തെ വിദഗ്ധർ രംഗത്തെത്തിയിരുന്നു.
ഹൈഡ്രോക്സിക്ലോറോക്വിൻ കോവിഡ് പ്രതിരോധത്തിനുള്ള മരുന്നാണ് എന്ന സ്ഥിരീകരണം വരാതെ ട്രംപ് ഈ മരുന്ന് സേവിച്ചാൽ അത് ജനങ്ങളിൽ തെറ്റിധാരണ ഉണ്ടാക്കുമെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടി. വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ സ്റ്റാഫ് അംഗങ്ങൾക്ക് കോവിഡ് ബാധിച്ചതും പെൻസുമായി തനിക്ക് നിരന്തരം സന്പർക്കത്തിലേർപ്പെടേണ്ടി വന്നതുമെല്ലാം മരുന്ന് കഴിക്കാൻ തന്നെ പ്രേരിപ്പിച്ചുവെന്നും അദ്ദേഹം അറിയിച്ചു. തിങ്കളാഴ്ചയാണ് താൻ ഹൈഡ്രോക്സിക്ലോറോക്വിൻ കഴിക്കുന്നുണ്ടെന്ന് വാർത്താ സമ്മേളനത്തിനിടെ ട്രംപ് പറഞ്ഞത്.