18 May, 2020 12:16:01 AM
ആറ് ജീവനക്കാർക്ക് കോവിഡ്: ഓപ്പോയുടെ ഗ്രേറ്റര്‍ നോയ്ഡയിലുള്ള ഫാക്ടറി അടച്ചു
നോയ്ഡ: സ്മാർട്ട്ഫോൺ ബ്രാൻഡായ ഓപ്പോയുടെ ഗ്രേറ്റര്‍ നോയ്ഡയിലുള്ള ഫാക്ടറിയില്‍ ആറ് പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതേത്തുടർന്നു ഫാക്ടറിയുടെ പ്രവർത്തനം നിർത്തിവച്ചു. ജീവനക്കാരൊടെല്ലാം വീട്ടിൽ കഴിയാൻ കമ്പനി നിർദേശിച്ചിരിക്കുകയാണെന്ന് വാർത്താ ഏജൻസിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. മറ്റൊരു സ്മാര്‍ട്ഫോൺ ബ്രാൻഡായ വിവോയുടെ നോയിഡയിൽ നിർമാണത്തിലുള്ള കെട്ടിടത്തിലെ രണ്ടു തൊഴിലാളികൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
വിവോയുടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന യൂണിറ്റ് ഇവിടെ നിന്നും 15 കിലോമീറ്റര്‍ അകലെയാണ് ഉള്ളത്. അതിനാൽ വിവോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മേയ് എട്ടു മുതൽ സ്മാർട്ട്ഫോൺ നിർമാണ കമ്പനികൾ പ്രവർത്തനം പുനഃരാരംഭിച്ചിരുന്നു. എന്നാൽ 30 ശതമാനം ജീവനക്കാർക്ക് മാത്രമാണ് ജോലി ചെയ്യാൻ അനുമതി.