16 May, 2020 09:19:34 AM


മഹാമാരിയുടെ ഈ കാലത്ത് ഇന്ത്യയ്ക്കും നരേന്ദ്രമോദിക്കും ഒപ്പം നിൽക്കുന്നു - ട്രംപ്



വാഷിംഗ്ടൺ: മഹാമാരിയുടെ ഈ ഘട്ടത്തിൽ ഇന്ത്യക്കൊപ്പവും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പവും നില്‍ക്കുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയ്ക്കായി വെന്‍റിലേറ്ററുകൾ സംഭാവന ചെയ്യുന്നുവെന്ന് അറിയിച്ചു കൊണ്ടുള്ള ട്വീറ്റിലുള്ള കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യക്കൊപ്പം നിൽക്കുന്നുവെന്ന് ട്രംപ് അറിയിച്ചിരിക്കുന്നത്.


' യുഎസ് ഇന്ത്യക്കായി വെന്‍റിലേറ്ററുകൾ സംഭാവന ചെയ്യാൻ പോവുകയാണെന്ന് അഭിമാനത്തോടെ അറിയിക്കുകയാണ്. ഈ മഹാമാരിയുടെ ഘട്ടത്തിൽ നമ്മൾ ഇന്ത്യക്കൊപ്പവും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പവുമാണ്. വാക്സിൻ വികസിപ്പിച്ചെടുക്കുന്നതിനും പരസ്പരം സഹകരിക്കുന്നുണ്ട്.. ഒരുമിച്ച് നിന്ന് ഞങ്ങൾ ഈ അദൃശ്യ ശത്രുവിനെ പരാജയപ്പെടുത്തും' ട്രംപ് ട്വിറ്ററിൽ കുറിച്ചു.


ഈ വർഷം അവസാനത്തോടെ കോവിഡ് വാക്സിൻ വികസിപ്പിച്ചെടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ ഇന്ത്യയുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും മികച്ച ശാസ്ത്രജ്ഞരും ഗവേഷകരും ഇവിടെയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ വളരെ അടുത്ത സുഹൃത്താണെന്ന് ആവർത്തിച്ചു കൊണ്ടായിരുന്നു ട്രംപിന്‍റെ പ്രതികരണം.
നേരത്തെ കോവിഡ് ചികിത്സയ്ക്കായി ഹൈഡ്രോക്സിക്ലോറോക്വിൻ കയറ്റി അയക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ അസ്വാരസ്യങ്ങൾ ഉയർന്നിരുന്നു. മരുന്ന് നൽകിയില്ലെങ്കിൽ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നതടക്കമുള്ള ട്രംപിന്‍റെ ഭീഷണി വലിയ വിവാദങ്ങൾക്കാണ് വഴിവച്ചത്. എന്നാൽ പിന്നീട് നിലപാട് മയപ്പെടുത്തിയ ട്രംപ്, മോദി വളരെ നല്ല സുഹൃത്താണെന്നാണ് അറിയിച്ചത്. രാജ്യത്തിന് ആവശ്യമായത്ര മരുന്നുകൾ കയറ്റി അയച്ച ഇന്ത്യക്ക് നന്ദി അറിയിക്കുകയും ചെയ്തിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K