12 May, 2020 02:12:30 PM
ഒരു മാസത്തിനുശേഷം വുഹാനില്‍ വീണ്ടും കോവിഡ് പടരുന്നു; ഷുലാനില്‍ ലോക്ക്ഡൗണ്‍
ബീജീംഗ്: കോവിഡ് രോഗം പൊട്ടിപ്പുറപ്പെട്ട ചൈനയ്ക്ക് വീണ്ടും തലവേദനയായി വുഹാനില്‍ രോഗം തലപൊക്കുന്നു. ഒരു മാസം ഒറ്റകേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ ജനങ്ങള്‍ സാധാരണ നിലയിലേക്ക് പൊയ്‌ക്കൊണ്ടിരിക്കെയാണ് 35 ദിവസത്തിന് ശേഷം ഹുബെയിലെ വുഹാനില്‍ ആറു കേസുകളും ദക്ഷിണ കൊറിയയും റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന ഷുലാനില്‍ 11 കേസുകളും കണ്ടെത്തിയത്.
വൈറസ് വ്യാപനം വീണ്ടും ഉണ്ടാകുകയാണോ എന്നാണ് വിദഗ്ദ്ധരുടെ ആശങ്ക. വുഹാനില്‍ ഒരു 89 കാരനിലാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. ഇപ്പോള്‍ ഇയാളും കുടുംബവും താമസിക്കുന്ന റസിഡന്‍ഷ്യല്‍ ഏരിയയില്‍ ഒട്ടേറെ പേര്‍ക്ക് പരിശോധന പോസിറ്റീവായിട്ടുണ്ട്. രോഗലക്ഷണം കാണിക്കാത്തവര്‍ക്കാണ് പോസിറ്റീവ് ആയത് എന്നതാണ് ഏറ്റവും പുതിയ പ്രശ്‌നം. വുഹാനില്‍ പുതിയതായി രോഗം കണ്ടെത്തിയ ആര്‍ക്കും ലക്ഷണം ഉണ്ടായിരുന്നില്ല. രണ്ടു മാസത്തെ ലോക്ക്ഡൗണിന് ശേഷമാണ് ഹുബെയില്‍ മാര്‍ച്ച് അവസാനം ഇളവുകള്‍ കൊണ്ടുവന്നത്. ഇതോടെ കാര്യങ്ങള്‍ സാധാരണ നിലയിലേക്കെന്ന സൂചനയും ഉണ്ടായി.
ചില സ്‌കൂളുകളും മറ്റും തുറക്കുകയും ചെയ്തിരുന്നു. എന്നാല്‍ പുതിയതായി കേസുകള്‍ സ്ഥിരീകരിക്കുന്നത് വീണ്ടും ആശുപത്രിവാസങ്ങളും മരണവും ഉണ്ടാക്കുമോ എന്ന് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ഈ ആശങ്കയ്ക്ക് ശക്തികൂട്ടിയാണ് വടക്കുകിഴക്കന്‍ പ്രവിശ്യയായ ജിലിനിലെ ഷുലാന്‍ നഗരത്തില്‍ പുതിയതായി ഒരു ഡസന്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 630,000 പേരുള്ള നഗരത്തില്‍ ലോക്ക്ഡൗണ്‍ കൊണ്ടുവന്നിട്ടുണ്ട്. വടക്കന്‍ കൊറിയയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് ഷുലാന്‍.
ഒരു അലക്ക് തൊഴിലാളിയില്‍ നിന്നുമാണ് 11 പേര്‍ക്ക് രോഗം പകര്‍ന്നിരിക്കുന്നത്. അതേസമയം ഇവര്‍ക്ക് എവിടെ നിന്നുമാണ് രോഗം പകര്‍ന്നതെന്ന് വ്യക്തമല്ല. ശനിയാഴ്ച മുതല്‍ ഇവിടെ ഗ്രാമങ്ങളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശവാസികള്‍ക്ക് പോകാന്‍ പുറത്തേക്കുള്ള വഴിയും അകത്തേക്കുള്ള വഴിയും പ്രത്യേകം നിയന്ത്രിച്ചിട്ടുണ്ട്. കുടുംബത്തിലെ ഒരാള്‍ക്ക് മാത്രമേ അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ പോകാനാകൂ. ഡസന്‍ ട്രയിനുകളുള്ള ഒരു റെയില്‍വേ കമ്പനി ഷുലാനിലേക്കുള്ള സര്‍വീസ് മെയ് 31 വരെ സര്‍വീസ് നിര്‍ത്തി വെച്ചിട്ടുണ്ട്.
ആള്‍ക്കാരോട് വീടിനുള്ളില്‍ കഴിയാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. നഗരം വിട്ടുപോകാന്‍ ടാക്‌സികള്‍ക്കും ബസുകള്‍ക്കും അനുവാദമില്ല. അതേസമയം അതിര്‍ത്തി കടന്ന് എത്തിയവരാണ് ഷുലാനില്‍ പ്രശ്‌നം സൃഷ്ടിച്ചത് എന്നൊരു വാദം ചൈന ഉയര്‍ത്തുന്നുണ്ട്. റഷ്യയില്‍ നിന്നും ഏപ്രില്‍ അവസാനവാരം ഷുലാനിലേക്ക് കടന്നുവന്ന 308 പേരില്‍ എട്ടുപേരെ ക്വാറന്‍റൈന്‍ ചെയ്യുകയും 300 പേരെ ഐസൊലേഷനിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഞായറാഴ്ച ചൈനയില്‍ രോഗബാധിതരുടെ എണ്ണം 14 ആയി. മാര്‍ച്ച് 11 ന് ശേഷം ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും കൂടുതല്‍ എണ്ണമാണ് ഇത്. മൊത്തം രോഗികളുടെ എണ്ണം 82,901 ആയപ്പോള്‍ മരണം 4,630 ആയിരുന്നു.