08 May, 2020 05:07:56 PM
ആശ്വാസം വീണ്ടും വഴിമാറുന്നു; എറണാകുളത്ത് ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: ഇന്ത്യയിൽ ആദ്യ കോവിഡ് സ്ഥിരീകരിച്ചിട്ട് 100 ദിവസം തികയുന്ന ഇന്ന് സംസ്ഥാനത്ത് ആശ്വാസം വീണ്ടും വഴിമാറുന്നു. ഇന്ന് ഒരാൾക്ക് കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. എറണാകുളത്താണ് പുതിയ കോവിഡ് കേസ് സ്ഥിരീകരിച്ചിരിക്കുന്നത്. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം.
ചെന്നൈയിൽ സ്ഥിരതാമസമായ എറണാകുളം ജില്ലക്കാരിയായ യുവതിക്കാണു (30) ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. വൃക്ക സംബന്ധമായ ചികിത്സയ്ക്ക് ഇവർ റോഡു മാർഗം മേയ് ആറിനു കേരളത്തിലെത്തി. അന്നു തന്നെ ആലുവയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, ഇന്ന് പത്തുപേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പതിനാറ് പേര്‍ മാത്രമാണ് ഇനി സംസ്ഥാനത്ത് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 503 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 20157 പേരാണ് നിരീക്ഷണത്തിലുള്ളത്. 19810 പേര്‍ വീടുകളിലും 347 ആശുപത്രികളിലുമാണ്. ഇന്ന് മാത്രം 127 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.