07 May, 2020 11:13:27 AM
ഇന്‍റലിജൻസ് മുൻ മേധാവി മുസ്തഫ അൽ ഖാദിമി ഇറാഖ് പ്രധാനമന്ത്രി
ബാഗ്ദാദ്: ഇറാഖിന്‍റെ പുതിയ പ്രധാനമന്ത്രിയായി ഇന്‍റലിജൻസ് മുൻ മേധാവി മുസ്തഫ അൽ ഖാദിമിയെ തെരഞ്ഞെടുത്തു. അമേരിക്കയുമായി ശക്തമായി ബന്ധം പുലർത്തുകയും പ്രായോഗികതാവാദം മുറുകെപിടിക്കുകയും ചെയ്യുന്ന നേതാവാണ് ഖാദിമി. സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെ തുടർന്ന് പ്രധാനമന്ത്രി ആദിൽ അബ്ദുൽ മഹ്ദി രാജിവെച്ചതോടെയാണ് പുതിയ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
പ്രധാനമന്ത്രി തെരഞ്ഞെടുപ്പിൽ പാർലമെന്റ് 250ലധികം അംഗങ്ങൾ പങ്കെടുത്തു. 15 മന്ത്രിമാർ ഉൾപ്പെടെ മുസ്തഫ അൽ ഖാദിമിയെ പിന്തുണച്ചു. വ്യാപാരം, നീതിന്യായം, സംസ്കാരം, കൃഷി, കുടിയേറ്റ വകുപ്പ് മന്ത്രിമാർ ഖാദിമിക്കെതിരെ വോട്ട് ചെയ്തു. ഇറാഖിലെ ജനങ്ങൾക്കും വികസനത്തിനും വേണ്ടി പ്രവർത്തിക്കുമെന്നും അതിനായി എല്ലാ രാഷ്ട്രീയ പ്രവർത്തകരും മുന്നോട്ടുവരണമെന്നും ഖാദിമി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.