07 May, 2020 08:35:00 AM
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ നീക്കുന്നതില്‍ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ലോകരാജ്യങ്ങൾ ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ നീക്കിവരുന്നതിനിടെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കോവിഡ് വ്യാപനത്തിൽ ഇനിയും അതീവ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും അല്ലെങ്കിൽ കേസുകൾ കുതിച്ചുയരുമെന്നും ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നൽകി. രോഗം വ്യാപിക്കുന്നത് പരിശോധിക്കാൻ രാജ്യങ്ങൾ മതിയായ ട്രാക്കിംഗ് സംവിധാനങ്ങളും ക്വാറന്റൈൻ വ്യവസ്ഥകളും ഏർപ്പെടുത്തണമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനം ഗബ്രിയേസിസ് പറഞ്ഞു.
ലോക്ക്ഡൗണിൽ നിന്നുള്ള മാറ്റം രാജ്യങ്ങൾ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്തില്ലെങ്കിൽ അത് ഗുരുതരമായ സ്ഥിതിയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ, ജർമനി, സ്പെയിൻ, ഇറ്റലി തുടങ്ങി വിവിധ രാജ്യങ്ങൾ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ നീക്കിതുടങ്ങിയിട്ടുണ്ട്. രാജ്യം വീണ്ടും തുറക്കാനുള്ള സന്നദ്ധത യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപും അറിയിച്ചിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പുമായി രംഗത്തെത്തിയത്