05 May, 2020 04:47:16 PM
മയക്കുമരുന്ന് മാഫിയ തലവന്റെ ആഡംബര വില്ല ലേലത്തിൽ വിറ്റു; പണം കോവിഡ് പ്രതിരോധത്തിന്
മെക്സിക്കോ സിറ്റി: കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയ തലവൻ അമാഡോ കാരിലോ ഫ്യൂൻറസിന്റെ ആഡംബര വില്ല ലേലത്തിൽ വിറ്റുകിട്ടിയ പണം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനൊരുങ്ങി മെക്സിക്കൻ സർക്കാർ.1997ൽ മരിച്ച ഫ്യൂൻറസിന്റെ 38000 ചതുരശ്രയടി വില്ല 23 വർഷത്തിന് ശേഷമാണ് ലേലത്തിന് വെച്ചത്. സ്വിമ്മിങ് പൂളും വിശാലമായ പൂന്തോട്ടവും മറ്റ് ആഡംബര സൗകര്യങ്ങളെല്ലാമുള്ള വില്ല 2.17 മില്യൺ ഡോളറിനാണ് വിറ്റുപോയത്.
കുറ്റവാളികളിൽനിന്ന് പിടിച്ചെടുക്കുന്ന വസ്തുവകകൾ ജനോപകാര പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് ഫ്യൂന്റസിന്റെ ആഡംബര വില്ലയടക്കം സർക്കാർ ലേലം ചെയ്തത്. ഇതിന് പുറമേ 70 കാറുകൾ, അഞ്ച് വീടുകൾ, നൂറിലേറെ ആഭരണങ്ങൾ, അഞ്ച് ചെറുവിമാനങ്ങൾ തുടങ്ങി 143 വസ്തുക്കൾ സർക്കാർ ലേലത്തിൽ വെച്ചു. 4.5 മില്യൺ ഡോളറാണ് ഇതിൽ നിന്ന് ലഭിച്ചത്. ഈ തുക മെക്സിക്കോ പൊതുജനാരോഗ്യ വിഭാഗം കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കടക്കം ഉപയോഗിക്കും.
മെക്സിക്കോയുടെ ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധനായ മയക്കുമരുന്ന് വ്യാപാരിയായിരുന്നു അമാഡോ കാരിലോ ഫ്യൂന്റസ്. 1980-90 കാലയളവിൽ മെക്സിക്കൻ അധോലോകത്തെ ഫ്യൂൻറസിന്റെ സംഘമാണ് നിയന്ത്രിച്ചിരുന്നത്. വിമാനം പറത്താൻ അറിയാമായിരുന്നതിനാൽ ഫ്യൂന്റസ് കൊളംബിയയിൽനിന്ന് മെക്സിക്കോ വഴി യു.എസിലേക്കടക്കം നിരവധി തവണയാണ് മയക്കുമരുന്ന് കടത്തിയിരുന്നത്.
സ്വകാര്യ വിമാനങ്ങൾ ഉപയോഗിച്ച് വൻ തോതിൽ കഞ്ചാവും കൊക്കെയ്നും കടത്തിയിരുന്നതിനാൽ 'ആകാശത്തിന്റെ അധികാരി' എന്ന വിളിപ്പേരുമുണ്ടായി. അമ്മാവന്റെ മയക്കുമരുന്ന് സംഘത്തിലൂടെ കള്ളക്കടത്തിലേക്ക് പ്രവേശിച്ച ഫ്യൂന്റസ് പിന്നീട് തന്റെ തലവനായിരുന്ന റാഫേൽ അഗ്വിലർ ഗൗസാർഡോയെ വധിച്ചാണ് സംഘത്തലവനായത്. ക്രൂരതയ്ക്ക് പേരുകേട്ട ഫ്യൂൻറസ് തന്റെ ഫോട്ടോ പോലും പുറത്തു വരാത്ത രീതിയിലാണ് അധോലോകം നിയന്ത്രിച്ചിരുന്നത്. 1997ൽ പ്ലാസ്റ്റിക് സർജറി ചെയ്യാനായി ഫ്യൂന്റസ് കള്ളപ്പേരിൽ ഒരു ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ ശസ്ത്രക്രിയയിലെ പിഴവ് കാരണം മരിച്ചു.
ഫ്യൂൻറസ് മരിച്ചത് അഭ്യൂഹമല്ലെന്ന് തെളിയിക്കാൻ സർക്കാർ മൃതദേഹത്തിന്റെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് സഹോദരൻ വിസന്റെ കാരിലോ ഫ്യൂന്റസ് മാഫിയയുടെ നിയന്ത്രണം ഏറ്റെടുത്തു. മാസങ്ങൾക്കകം ഫ്യൂന്റസിന് ശസ്ത്രക്രിയ നടത്തിയ മൂന്ന് ഡോക്ടർമാർ മൃഗീയമായി കൊല്ലപ്പെടുകയും ചെയ്തു. 2014ൽ വിസന്റെ അറസ്റ്റിലായതോടെയാണ് ഈ മയക്കുമരുന്ന് മാഫിയയുടെ പ്രവർത്തനങ്ങൾക്ക് അവസാനമായത്. നിലവിൽ മെക്സിക്കോയിലെ ജയിലിൽ ശിക്ഷ കാത്ത് കഴിയുകയാണ് വിസന്റെ.