28 April, 2020 08:51:59 AM
അണുനാശിനി കുത്തിവച്ച് ആളുകൾ അപകടത്തിലായാൽ താൻ ഉത്തരവാദിയല്ലെന്ന് ട്രംപ്
വാഷിംഗ്ടൺ: കോവിഡ് വൈറസിനെ തുരത്താൻ അണുനാശിനി കുത്തിവച്ച് ആളുകൾ അപകടത്തിലായാൽ അതിന് താൻ ഉത്തരവാദിയല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അണുനാശിനി കഴിച്ച് വൈറസിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നവരുടൈ എണ്ണത്തിൽ വർധനവ് ഉണ്ടെന്ന് ഒരു മാധ്യമ പ്രവർത്തകൻ ചൂണ്ടിക്കാണിച്ചപ്പോൾ, "എന്തു കൊണ്ടാണ് അങ്ങനെയെന്ന് അറിയില്ലെന്നും ആളുകൾ ഇങ്ങനെയൊക്കെ ചെയ്യുന്നുവെന്ന് ചിന്തിക്കാനാകുന്നില്ലെന്നും' ട്രംപ് പറഞ്ഞു.
ട്രംപിന്റെ പ്രസ്താവന പുറത്തുവന്ന് 18 മണിക്കൂറിനുള്ളിൽ മാത്രം 30 ഓളം പേരാണ് കോവിഡിനെ ചെറുക്കാൻ അണുനാശിനികൾ കുത്തിവെച്ച് സ്വയം പരീക്ഷണം നടത്തി അപകടത്തിലായത്. അണുനാശിനി കഴിച്ച് അപകടത്തിലായെന്ന് പറഞ്ഞ് 100 ലേറെ ഫോണ്‍വിളികളാണ് ദിവസവും ലഭിക്കുന്നതെന്ന് മേരിലാൻഡ് ഗവർണറും വ്യക്തമാക്കിയിരുന്നു
കഴിഞ്ഞ ദിവസം ട്രംപ് നടത്തിയ പ്രസ്താവന ചൂണ്ടിക്കാട്ടിയ മാധ്യമ പ്രവർത്തകർ ഇത്തരം സംഭവങ്ങളുടെ ഉത്തരവാദിത്തം പ്രസിഡന്റ് ഏറ്റെടുക്കുമോ എന്ന് ചോദിച്ചപ്പോൾ "ഇല്ല' എന്ന് ഒറ്റവാക്കിൽ ഉത്തരംം നല്‍കുകയാണ് ട്രംപ് ചെയ്തത്. വീടുകളിൽ ഉപയോഗിക്കുന്ന അണുനാശിനി കുത്തിവയ്ക്കുന്നത് കോവിഡിനെതിരായ ഫലപ്രദമായ ചികിത്സയായിരിക്കുമെന്ന് ട്രംപ് പറഞ്ഞതിനു തൊട്ടുപിന്നാലെ വിഷ നിയന്ത്രണ കേന്ദ്രത്തിന് സാധാരണ വരുന്നതിനെക്കാൾ കൂടുതൽ കേസുകൾ ലഭിച്ചെന്ന് ന്യൂയോർക്കിലെ ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കിയിരുന്നു.