26 April, 2020 12:37:13 PM
കിം ജോംഗ് ഉന്നിന്റെ തിരോധാനം: ദുരൂഹതകള്‍ ബാക്കി; മരിച്ചെന്നും ഇല്ലെന്നും റിപ്പോര്‍ട്ടുകൾ
ടോക്കിയോ: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നിന്റെ തിരോധാനം സംബന്ധിച്ച ദുരൂഹതകൾ ഇനിയും ബാക്കി. ഉന്നിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാണെന്ന തരത്തിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വാർത്തകൾ പ്രചരിച്ചതാണ് അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്. ഇപ്പോള്‍ പ്രചരിക്കുന്നത് അദ്ദേഹം മരിച്ചെന്നും ജീവശ്ചവമായെന്നുമുള്ള വാര്‍ത്തകളാണ്. ഇത് ശരിയാണങ്കിലും അല്ലെങ്കിലും പൊതുവേദികളിൽ ഭരണാധികാരിയുടെ അസാന്നിധ്യമാണ് ഇത്തരം വാർത്തകളിലേക്ക് നയിച്ചത്.
ഇക്കഴിഞ്ഞ ഏപ്രിൽ 15ന് കിം ജോംഗ് ഉന്നിന്റെ മുത്തച്ഛന്റെ പിറന്നാള്‍ ആഘോഷചടങ്ങുകൾ നടന്നിരുന്നു. ദേശസ്ഥാപകന്‍റെ പിറന്നാൾ ദിനം ഉത്തരകൊറിയയിലെ ഏറ്റവും വലിയ ചടങ്ങുകളിലൊന്നാണ്. ഈ ചടങ്ങിൽ കിം ജോംഗ് ഉൻ എത്താതിരുന്നതാണ് സംശയങ്ങൾ ബലപ്പെടുത്തിയത്. ഇക്കഴിഞ്ഞ ഏപ്രിൽ 12 നാണ് കിം ഒരു പൊതു ചടങ്ങിൽ അവസാനമായി പ്രത്യക്ഷപ്പെട്ടത്. കിം ജോംഗ് ഉൻ മരിച്ചുവെന്നാണ് ഏറ്റവും ഒടുവിലായി പുറത്തു വന്നിരിക്കുന്ന ഒരു റിപ്പോർട്ട്. ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് ആരോഗ്യ സ്ഥിതി വഷളായി അതീവ ഗുരുതരാവസ്ഥയിലായ ഉൻ മരണപ്പെട്ടുവെന്ന വാർത്ത ചില ചൈനീസ്-ജപ്പാൻ മാധ്യമങ്ങളാണ് പുറത്തുവിട്ടത്. 'കിം ജോംഗ് ഉൻ മരണപ്പെട്ടു എന്നു തന്നെയാണ് കരുതപ്പെടുന്നത് അല്ലെങ്കിൽ സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയ്ക്ക് പോലും ഇടയില്ലാത്ത വിധം മരണാസന്നനാണ്' എന്നാണ് ഇവരുടെ റിപ്പോര്‍ട്ട്.
ഹൃദയശസ്ത്രക്രിയയിലുണ്ടായ പിഴവിനെ തുടർന്ന് കിം ജോംഗ് ഉൻ ജീവച്ഛവമായ അവസ്ഥയിലാണെന്നാണ് ഒരു ജപ്പാൻ മാധ്യമം പുറത്തുവിട്ടിരിക്കുന്നത്. ഹൃദയ ധമനിക്കുള്ളിൽ സ്റ്റെന്റ് സ്ഥാപിക്കാനുള്ള ശസ്ത്രക്രിയക്കായിരുന്നു ഉത്തര കൊറിയൻ ഭരണാധികാരി വിധേയനായത്. എന്നാൽ ഇതിലെന്തോ കൈപ്പിഴ വന്നത് ആരോഗ്യനില വഷളാക്കി എന്നാണ് ഒരു ചൈനീസ് മെഡിക്കൽ ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് ഇവർ പുറത്തുവിട്ട റിപ്പോർട്ട്. അമേരിക്കയും ചൈനയും അടക്കമുള്ള രാജ്യങ്ങൾ ഉന്നിന്റെ ആരോഗ്യനില സംബന്ധിച്ച് സൂക്ഷ്മ നിരീക്ഷണം നടത്തി വരുന്നുണ്ടെങ്കിലും ഇതുവരെ വ്യക്തമായ ഒരു വിവരങ്ങളും പുറത്തു വന്നിട്ടില്ല.
ഇതിനിടെ കിം ജോംഗ് ഉന്നിന്റെ ട്രെയിൻ ഒരു റിസോർട്ട് ടൗണിൽ കണ്ടത് സംബന്ധിച്ച് 'ദി ഗാർഡിയൻ' റിപ്പോർട്ട് ചെയ്യുന്നുണ്ട്. വാഷിംഗ്ടൺ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു നോർത്ത് കൊറിയൻ നിരീക്ഷണ പദ്ധതി സാറ്റലൈറ്റ് ഇമേജുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു വിവരം പുറത്തുവിട്ടത്. ഏപ്രിൽ 21 നും 23നും ഇടയ്ക്ക് വോൺസണിലുള്ള ലീഡർഷിപ്പ് സ്റ്റേഷനിൽ ട്രെയിൻ ഉണ്ടായിരുന്നുവെന്നാണ് ഇവരുടെ കണ്ടെത്തൽ. കിം കുടുംബത്തിന് മാത്രമായുള്ള റെയിൽവെ സ്റ്റേഷനാണിത്. ട്രെയിൻ ഉത്തരകൊറിയൻ ഭരണാധികാരിയുടെത് തന്നെയാണെന്ന് കരുതാമെങ്കിലും ഇതുകൊണ്ടൊന്നും അദ്ദേഹം വോൺസണിലുണ്ടെന്ന് പറയാനാകുന്നുമില്ല.