24 April, 2020 09:11:56 AM
ഉത്തരകൊറിയൻ മേധാവി കിം ജോംഗ് ഉൻ രോഗിയാണെന്നുള്ള വാർത്തകളെ തള്ളി യുഎസ് പ്രസിഡന്റ് ട്രംപ്
വാഷിംഗ്ടൺ: ഉത്തരകൊറിയൻ മേധാവി കിം ജോംഗ് ഉൻ രോഗിയാണെന്നുള്ള വാർത്തകളെ തള്ളി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഇതുസംബന്ധിച്ചുള്ള സിഎൻഎൻ റിപ്പോർട്ട് വ്യാജമാണെന്ന് കരുതുന്നു. അവർ പഴയ രേഖകളാകും ഉപയോഗിച്ചതെന്ന് കരുതുന്നതായും വൈറ്റ്ഹൗസിൽ മാധ്യമങ്ങളോടു സംസാരിക്കവേ ട്രംപ് പറഞ്ഞു.
എന്നാൽ കിമ്മിന് ആരോഗ്യം സംബന്ധിച്ച് ഉത്തരകൊറിയയിൽ നിന്ന് നേരിട്ടുള്ള വിവരമുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കാൻ ട്രംപ് വിസമ്മതിച്ചു. പകരം സിഎൻഎൻ ന്യൂസ് നെറ്റ്വർക്കിനെതിരെ ട്രംപ് കടുത്ത വിമർശനം ഉന്നയിച്ചു. സിഎൻഎൻ റിപ്പോർട്ടുകൾ വ്യാജമെന്ന് പറഞ്ഞ ട്രംപ് കൂടുതൽ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി.
കിം ജോംഗ് ഉൻ ഒരു ഹൃദയ ശസ്ത്രക്രിയയെത്തുടർന്ന് ഗുരുതരാവസ്ഥയിലാണെന്നു സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ടായിരുന്നു. അദ്ദേഹത്തിന് മസ്തിഷ്കമരണം സംഭവിച്ചെന്നും യുഎസ് രഹസ്യാന്വേഷകർ പറഞ്ഞതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തിരുന്നു.