23 April, 2020 02:48:00 PM
ക്വാറന്റൈൻ കാലാവധി തീരും മുമ്പേ ജോലിയിൽ പ്രവേശിക്കാൻ സമ്മർദം; 70 ഇന്ത്യക്കാർ ദുരിതത്തിൽ
കിന്റോസ്: ക്വാറന്റൈൻ കാലാവധി തീരും മുമ്പേ ജോലിയിൽ പ്രവേശിക്കാൻ ബ്രിട്ടിഷ് കന്പനി നിർബന്ധിക്കുന്നത് മലയാളികളടക്കമുളള എഴുപതോളം പേരെ ദക്ഷിണാഫ്രിക്കയിൽ ദുരിതത്തിലാക്കി. ദക്ഷിണാഫ്രിക്കയിലെ കിന്റോസിലാണ് എഴുപതോളം ഇന്ത്യക്കാർ ഭക്ഷണവും വെള്ളവും കിട്ടാതെ ദുരിതത്തിലായിരിക്കുന്നത്. ഹൈഡ്രോ ആർക്ക് സെക്കുണ്ട എന്ന ബ്രിട്ടീഷ് ഓയിൽ കന്പനിയിലെ ജീവനക്കാരാണിവരെല്ലാം.
കഴിഞ്ഞ മാസം 26 മുതൽ ദക്ഷിണാഫ്രിക്കയിൽ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് രണ്ടാഴ്ചത്തേക്ക് ലോക്ക് ഡൗണ്‍ നീട്ടുകയും ചെയ്തു. ഇവർ ജോലി ചെയ്തിരുന്ന കന്പനിയുടെ വർക്ക് സൈറ്റിൽ കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് ജോലിക്കാർ ക്വാറന്റൈനിൽ ആയത്. എന്നാൽ ക്വാറന്റൈൻ കാലാവധി പൂർത്തിയാകും മുൻപ് ജോലിയിൽ പ്രവേശിക്കാനാണ് കന്പനിയുടെ നിർദേശം.
ക്വാറന്റൈൻ കഴിഞ്ഞ ശേഷം മാത്രമേ ജോലിക്ക് വരാൻ കഴിയുകയുള്ളുവെന്ന് കന്പനിയെ ജോലിക്കാർ അറിയിച്ചു. ഇതേത്തുടർന്ന് ഇവരോടൊപ്പമുണ്ടായിരുന്ന തങ്ങളുടെ പ്രതിനിധികളെയും പാചക തൊഴിലാളികളെയും കന്പനി മടക്കി വിളിച്ചു. തുടർന്ന് അടുക്കള പൂട്ടുകയും വെള്ളം, ഗ്യാസ് എന്നിവയടക്കമുള്ള അവശ്യവസ്തുക്കളുടെ വിതരണം നിർത്തുകയും ചെയ്തു. താമസസ്ഥലത്ത് നിന്ന് ഇറക്കിവിടുമെന്ന് കന്പനി ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഇതോടെ എഴുപത് പേരടങ്ങുന്ന ഇന്ത്യക്കാർ ദുരിതത്തിലായിരിക്കുകയാണ്. ഭക്ഷണവും വെള്ളവുമില്ലാതെ ഇവർ കൂടുതൽ ദുരിതത്തിലേക്ക് നീങ്ങുകയാണ്. കേരളം, തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണിവർ. മലപ്പുറം, പാലക്കാട്, എറണാകുളം, കൊല്ലം ജില്ലകളിൽ നിന്നുള്ളവരാണ് മലയാളികളിലധികവും. മൂന്നുമാസത്തെ വിസയ്ക്കെത്തിയവർ മുതൽ ഏഴുവർഷമായി ജോലി ചെയ്യുന്നവർ വരെ ഇതിൽ ഉൾപ്പെടും.
ആലുവയിലുള്ള ഐഎംആർ എന്ന റിക്രൂട്ടിംഗ് ഏജൻസിയാണ് ഇവരെ ബ്രിട്ടീഷ് കന്പനിക്ക് വേണ്ടി ദക്ഷിണാഫ്രിക്കയിലേക്ക് കൊണ്ടുപോയത്. കന്പനിയും റിക്രൂട്ടിംഗ് ഏജൻസിയും കൈയോഴിഞ്ഞതോടെ ഇവർ ദുരിതത്തിലായിരിക്കുകയാണ്. ഇന്ത്യൻ എംബസി അധികൃതർക്ക് ഇതുസംബന്ധിച്ച് നിവേദനം നൽകുന്നതിന് വേണ്ടി വഴിക്കടവ് മൊടപ്പൊയ്ക സ്വദേശി തെങ്ങനാലിൽ ജോസഫ് എന്ന ബിജോയുടെ നേതൃത്വത്തിൽ ജോലിക്കാരുടെ യോഗം ഇന്നലെ ചേർന്നിരുന്നു.