23 April, 2020 07:42:20 AM


അബുദാബിയിൽ അടച്ചിട്ട വ്യാപാരകേന്ദ്രങ്ങള്‍ തുറക്കും; മാർഗനിർദേശം പുറപ്പെടുവിച്ചു



അബുദാബി: അബുദാബിയില്‍ കോവിഡ് 19 വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച വിപണിയിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നു. എന്നു മുതൽ തുറന്നുപ്രവർത്തിക്കാമെന്ന് പറയുന്നില്ലെങ്കിലും മാളുകളും ഷോപ്പിംഗ് സെന്ററുകളും പ്രവർത്തനം പുനരാരംഭിക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികളെ കുറിച്ച് മാർഗനിർദേശം പുറപ്പെടുവിച്ചു.

 
മാളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സ്വകാര്യമേഖലയിലെ സംരംഭകരുമായി അബുദാബി ഇക്കണോമിക് ഡെവലപ്മെന്റ് വിഭാഗം ചര്‍ച്ച നടത്തി. ലഭിക്കുന്ന വിവരം അനുസരിച്ച് പ്രവർത്തനസമയം ഉച്ചക്ക് 12 മുതൽ രാത്രി 9 മണിവരെയായിരിക്കും. എന്നാൽ സൂപ്പർമാർക്കറ്റുകൾക്കും ഫാർമസികൾക്കും മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾക്കും രാവിലെ 9 മുതൽ അർധരാത്രി വരെ പ്രവർത്തിക്കാം. ജിംനേഷ്യം, സിനിമാ ഹാളുകൾ, മറ്റു വിനോദ കേന്ദ്രങ്ങൾ എന്നിവക്കുള്ള നിയന്ത്രണം തുടരും. 


പൊതുവായ ഇരിപ്പിടങ്ങളും പ്രാർത്ഥനാ മുറികളും ഉപയോഗിക്കുന്നതിനും സന്ദർശകർക്ക് നിയന്ത്രണമുണ്ടാകും. മൊത്തം ശേഷിയുടെ 30 ശതമാനത്തിൽ കൂടുതൽ പേരെ മാളുകളിലും ഷോപ്പിംഗ് സെന്ററുകളിലും അനുവദിക്കരുതെന്നും നിർദേശമുണ്ട്. ഇതിന് പുറമെ 60 വയസ് കഴിഞ്ഞവരെ ഇവിടെ പ്രവേശിപ്പിക്കരുതെന്നും മാർഗനിർദേശത്തിൽ വ്യക്തമാകുന്നു. മാസ്കുകളും കൈയുറകളും ധരിക്കുന്നതിനൊപ്പം സമൂഹ അകലം പാലിക്കാൻ സന്ദർശകർ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K