22 April, 2020 12:58:36 AM
ഗര്‍ഭിണികളായ മലയാളി നഴ്സുമാര്‍ സൗദിയില്‍ നിന്നും നാട്ടിലെത്താന്‍ സഹായം തേടുന്നു
റിയാദ്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ നാട്ടിലെത്താന്‍ കഴിയാതെ വിദേശത്ത് കുടുങ്ങി ഒട്ടേറെ മലയാളി നഴ്സുമാര്‍. ഇവരില്‍ ഗര്‍ഭിണികളായ നഴ്സുമാരാണ് വേണ്ടത്ര പരിചരണം ലഭിക്കാതെ ബുദ്ധിമുട്ടുന്നത്. എല്ലാ ആശുപത്രികളും കോവിഡ് ചികിത്സ കേന്ദ്രീകരിക്കുമ്പോള്‍ മറ്റ് അസുഖങ്ങളുമായി എത്തുന്നവര്‍ പ്രത്യേകിച്ച് പ്രവാസികള്‍ തഴയപ്പെടുന്നു എന്ന പരാതി പരക്കെ നിലനില്‍ക്കെയാണ് ഗര്‍ഭിണികളായ നഴ്സുമാര്‍ സൗദിയില്‍ കുടുങ്ങിയതായ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.
കോവിഡ് പശ്ചാത്തലത്തില്‍ അല്‍ ഖാസിം റീജിയണിലുള്ള ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഗര്‍ഭിണികളായ 40 മലയാളി നഴ്‌സുമാര്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ സഹായം തേടുകയാണ്. നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നാണ് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള നഴ്‌സുമാരുടെ ആവശ്യം. പ്രസവാനന്തര പരിചരണത്തിന് വേണ്ട സുരക്ഷ അവിടെ ലഭ്യമല്ലെന്നാണ് ആശങ്ക.
പ്രസവത്തിന് നാട്ടിലേക്ക് വരാനിരുന്നവരും ഈ കൂടെയുണ്ട്. പ്രസവശുശ്രൂഷയ്ക്ക് ആളെ ലഭിക്കാത്തതും പരിചരണത്തിന് ബന്ധുക്കള്‍ക്കും മറ്റും നാട്ടില്‍നിന്ന് എത്താനാവാത്തതും ഏറ്റവും വലിയ പ്രശ്നമായി നിലനില്‍ക്കുകയാണ്. എറണാകുളം സ്വദശിനിയും, ഒരു വര്‍ഷം മുമ്പ് വിവാഹം കഴിഞ്ഞ് തിരികെ പോയ കോട്ടയം സ്വദേശിനിയും ഈ കൂട്ടത്തിലുണ്ട്. എങ്ങിനെയെങ്കിലും തങ്ങള്‍ക്ക് നാട്ടിലെത്താനുള്ള സഹായം സര്‍ക്കാര്‍ ചെയ്യണമെന്ന അഭ്യര്‍ത്ഥനയുമായാണ് ഇവര്‍ രംഗത്തെത്തിയിരിക്കുന്നത്.