21 April, 2020 09:20:38 PM
കോവിഡ് ബാധിതനുമായി സമ്പര്‍ക്കം; പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പരിശോധനക്ക് വിധേയനാക്കും
ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ കോവിഡ് പരിശോധനക്ക് വിധേയനാക്കും. കോവിഡ് സ്ഥിരീകരിച്ചയാളുമായി ഇടപഴകിയെന്ന് തെളിഞ്ഞതിനെ തുടർന്നാണ് നടപടി. ഇമ്രാൻഖാൻ ഇപ്പോൾ സ്വയം നിരീക്ഷണത്തിലാണ്. എന്നാൽ അദ്ദേഹം ക്വാറന്റൈനിലിരുന്ന് ഭരണം എങ്ങനെ മുന്നോട്ടുപോകുമെന്നതിനെ കുറിച്ച് വ്യക്തതയില്ല.
ഈദി ഫൗണ്ടേഷൻ ചെയർമാനായ ഫൈസൽ ഈദിയുമായി ഏപ്രിൽ 15ന് ഇമ്രാൻ ഖാൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം പനിയും മറ്റ് രോഗലക്ഷണങ്ങളും പ്രകടിപ്പിച്ചതിനെ തുടർന്ന് ഫൈസലിന് കൊറോണ പരിശോധന നടത്തി. പരിശോധനയിൽ കൊറോണ പോസിറ്റീവാകുകയായിരുന്നു. ഇതേതുടർന്ന് ഇമ്രാൻ ഖാന് കൊറോണ പരിശോധന നടത്തുമെന്നാണ് പാക് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇതിന് ശേഷം കൊറോണ ചികിത്സാ പ്രോട്ടോക്കോളുകൾ അനുസരിച്ച് നടപടികൾ സ്വീകരിക്കുമെന്നാണ് വിവരം.
കൊറോണ ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനായി അതാത് സ്ഥലത്ത് എത്തിക്കാൻ ഈദി ഫൗണ്ടേഷന്റെ ആംബുലൻസുകളാണ് ഉപയോഗിക്കുന്നത്. ഇങ്ങനെ ഏതെങ്കിലും തരത്തിലാണ് ഫൈസൽ ഈദിക്ക് രോഗം പകർന്നതെന്നാണ് വിലയിരുത്തൽ. പാകിസ്താനിൽ 9500 പേരിലാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് 192 പേരാണ് മരിച്ചത്.