21 April, 2020 09:31:13 AM
കിംഗ് ജോംഗ് ഉന്നിന്റെ നില അതീവ ഗുരുതരം ; മസ്തിഷ്‌ക്ക മരണം സംഭവിച്ചതായി റിപ്പോര്‍ട്ട്
പ്യോംഗ്യാംഗ്: വടക്കന്‍ കൊറിയന്‍ രാഷ്ട്ര തലവനും ഏകാധിപതിയുമായ കിം ജോംഗ് ഉന്നിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ശസ്ത്രക്രിയയെ തുടര്‍ന്ന് കിമ്മിന്റെ നില വഷളായതെന്നും മസ്തിഷ്‌ക്ക മരണം സംഭവിച്ചതായും അമേരിക്കന്‍ മാധ്യമങ്ങള്‍ പുറത്തു വിട്ട വാര്‍ത്തകളില്‍ പറയുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏപ്രില്‍ 12ന് കിം ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നതായി ദക്ഷിണ കൊറിയയിലെ ഡെയ്‌ലി എന്‍ കെ വാര്‍ത്ത പുറത്തു വിട്ടിരുന്നു.
ഏപ്രില്‍ 15 ന് മുത്തച്ഛന്റെ ജന്മദിനാഘോഷത്തില്‍ കിം പങ്കെടുത്തിരുന്നില്ല. അന്ന് മുതല്‍ സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. കിമ്മിന്റെ ആരോഗ്യനിലയില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. കിം അവസാനമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയത് ഏപ്രില്‍ 11 ന് ആയിരുന്നു. ഏപ്രില്‍ 15 ന് രാജ്യ സ്ഥാപകനും കിമ്മിന്റെ മുത്തച്ഛനുമായ കിം ഇല്‍ സംഗിന്റെ ജന്മദിന ദിവസം കിംഗ് ജോംഗ് ഉന്നിന്റെതായി ഒരു ഔദ്യോഗിക പ്രഖ്യാപനമോ ഒന്നും ഉണ്ടായിരുന്നില്ല. സാധാരണ ഈ ദിവസം ഇതുവരെ കിംഗ് ജോംഗ് ഉന്‍ മാറി നിന്നിട്ടില്ല.
തടിയും പുകവലിയും അധികജോലിയും കിമ്മിന്റെ ആരോഗ്യനില വഷളാക്കിയിരുന്നു എന്നും ഹൃദയസംബന്ധിയായ പ്രശ്‌നത്തെ തുടര്‍ന്ന് കിം ഹ്യാംഗ് സാനിലെ വില്ലയില്‍ ചികിത്സ തേടിയിരുന്നതായും വാര്‍ത്ത പുറത്തു വിട്ടിരുന്നു. ഇതേ തുടര്‍ന്ന് 36 കാരനെ ഏപ്രില്‍ 12 ന് ഹ്യാംഗ് സാനിലെ മൗണ്ട് കുംഗാംഗ് റിസോര്‍ട്ടിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി എന്നായിരുന്നു ദക്ഷിണ കൊറിയ ന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് നില മെച്ചപ്പെട്ടതോടെ ഏപ്രില്‍ 19 ന് പ്യോംഗ്യാംഗിലേക്ക് വൈദ്യസംഘത്തോടൊപ്പം തിരിച്ചു വരികയും ചെയ്തതായിട്ടാണ് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് സിഎന്‍എന്‍ ഉള്‍പ്പെടെയുള്ളവര്‍ റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം 2014 ലും ഒരു മാസത്തോളം കിംഗ് പൊതുവേദിയില്‍ നിന്നും വിട്ടു നിന്നിരുന്നു. കിമ്മിന്റെ ആരോഗ്യത്തെ സംശയിച്ച് ഊഹാപോഹങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ പിന്നാലെ ഇദ്ദേഹം തിരിച്ചു വരികയും ചെയ്തു. കണങ്കാലില്‍ ഉണ്ടായ മുഴ നീക്കം ചെയ്ത് വിശ്രമിക്കുകയായിരുന്നു എന്നാണ് ദക്ഷിണ കൊറിയന്‍ ചാരന്മാര്‍ നല്‍കിയ വിവരം. ശക്തമായ മാധ്യമ നിയന്ത്രണം ഉള്ള രാജ്യമാണ് വടക്കന്‍ കൊറിയ