18 April, 2020 02:51:20 PM
ആൽപ്സ് പർവത നിരകളിൽ വര്‍ണ്ണവിസ്മയമായി ഇന്ത്യൻ ദേശീയ പതാക
ജനീവ: കോവിഡ് മഹാമാരി ആശങ്ക വിതയ്ക്കുന്ന ഈ ഘട്ടത്തിൽ മനസില്‍ പ്രതീക്ഷ നിലനിര്‍ത്താനും സുരക്ഷിതരായി വീടുകളില്‍ തുടരാനും ആവശ്യപ്പെട്ടുള്ള സന്ദേശം ജനങ്ങളിലെത്തിക്കുന്നതിന് സ്വിറ്റ്‌സര്‍ലന്‍ഡ് ഒരുക്കിയത് അതിശയകരമായ കാഴ്ച. മറ്റ് രാജ്യങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ത്യയുടേയും യുഎസിന്റേയും ബ്രിട്ടന്റേയും പതാകകള്‍ ഉള്‍പ്പെടെ ആല്‍പ്‌സ് മലനിരകളില്‍ വെളിച്ചത്തിന്റെ സാങ്കേതികവിദ്യയുടെ സഹായത്തോടെ തെളിക്കുകയായിരുന്നു അവര്‍ ചെയ്തത്.
വര്‍ണക്കാഴ്ച ഒരുക്കിയത് പ്രശസ്ത സ്വിസ് കലാകാരനായ ഗെറി ഹോഫ്‌സ്റ്റെറ്ററാണ്. വിനോദസഞ്ചാരികളുടെ പ്രിയകേന്ദ്രങ്ങളിലൊന്നായ മാറ്റര്‍ഹോണ്‍ മലനിരകളിലാണ് മനോഹരമായ കാഴ്ച ഒരുക്കിയിരിക്കുന്നത്. ഇറ്റലിയുടേയും സ്വിറ്റ്‌സര്‍ലന്‍ഡിന്റേയും അതിര്‍ത്തിയിലാണ് മാറ്റര്‍ഹോണ്‍ സ്ഥിതി ചെയ്യുന്നത്. സെര്‍മാറ്റ് റിസോര്‍ട്ടിലാണ് ഇതൊരുക്കിയത്. വര്‍ണവിളക്കുകളുടെ സഹായത്തോടെയാണ് ഹാഷ് ടാഗുകളായ സ്റ്റേ ഹോം, ഹോപ് എന്നിവ ഒരുക്കിയത്. മാര്‍ച്ച് 24 നാണ് പ്രദര്‍ശനം ആരംഭിച്ചത്. ഏപ്രില്‍ 19 വരെ തുടരാനാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.