17 April, 2020 08:57:37 PM


ആശ്വാസ ദിനം; കേരളത്തില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് ഒരാള്‍ക്ക് മാത്രം



തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് ഒരാള്‍ക്ക് മാത്രം. കോഴിക്കോട് ജില്ലയിലുള്ള ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെയാണ് ഇയാള്‍ക്ക് രോഗം ബാധിച്ചത്. അതേസമയം 10 പേര്‍ കൂടി ഇന്ന് രോഗമുക്തി നേടി. കാസര്‍ഗോഡ് ജില്ലയിലെ 6 പേരുടേയും എറണാകുളം ജില്ലയിലെ 2 പേരുടേയും ആലപ്പുഴ, മലപ്പുറം എന്നീ ജില്ലകളിലുള്ള ഓരോരുത്തരുടേയും പരിശോധനാഫലമാണ് നെഗറ്റീവായത്.


സംസ്ഥാനത്ത് 255 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. നിലവില്‍ 138 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. വിവിധ ജില്ലകളിലായി 78,980 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 78,454 പേര്‍ വീടുകളിലും 526 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് 84 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 18,029 വ്യക്തികളുടെ സാമ്പിൾ  പരിശോധനയ്ക്ക് അയച്ചതില്‍ ലഭ്യമായ 17,279 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K