17 April, 2020 11:38:32 AM
അമ്പത് വയസ്സ് കഴിഞ്ഞ തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങാമെന്ന് അബുദാബി സര്‍ക്കാര്‍
അബുദാബി: 50 വയസ്സു കഴിഞ്ഞ തൊഴിലാളികളെ സ്വദേശത്തേക്ക് തിരികെ അയക്കാമെന്ന് അബുദാബി എക്കണോമിക് ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റ്. തൊഴിൽ ഉടമകൾക്ക് യാത്രാ ചെലവുകൾ അടക്കം നൽകി ജീവനക്കാരെ സ്വദേശത്തേക്ക് മടങ്ങാൻ അനുവദിക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന അമ്പതുവയസ്സിന് മുകളിൽ പ്രായമുള്ള ജീവനക്കാരുടെ വിവരങ്ങൾ അറിയാൻ അബുദാബിയിലെ കമ്പനികളിൽ സർവേ ആരംഭിച്ചിരുന്നു.
ജീവനക്കാർക്ക് ആവശ്യമായ അവധി നൽകാനും കമ്പനികൾക്ക് നിർദേശം നൽകി. യുഎഇയിലെ തൊഴിൽ അവകാശങ്ങൾ പൂർണമായും പ്രയോജനപ്പെടുത്തിക്കൊണ്ട് നാട്ടിലേക്കുള്ള വിമാനടിക്കറ്റ് അടക്കം നൽകിയാണ് ജീവനക്കാർക്ക് മടങ്ങാനുള്ള അവസരം ഒരുക്കുക. ഇതിന്റെ അടിസ്ഥാനത്തിൽ തിരിച്ച് അയക്കുന്ന ജീവനക്കാരുടെ വിവരങ്ങൾ survey.ded.abudhabi.ae എന്ന വെബ്സൈറ്റിൽ രേഖപ്പെടുത്തണം.
കോവിഡ‍് പ്രതിരോധത്തിന്റെ ഭാഗമായി തൊഴിലാളികളുടെ സേവനത്തിനായി രണ്ട് സ്ഥലങ്ങളിൽ പരിശോധന സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കോവിഡ് ലക്ഷണങ്ങളുള്ളവർക്ക് പരിശോധനയ്ക്കായി എത്താമെന്നും വിസ മാനദണ്ഡങ്ങൾ പ്രശ്നമല്ലെന്നുമാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. മുസാഫ 12, മുസാഫ 43 എന്നിവിടങ്ങളിലാണ് പരിശോധനയ്ക്കുള്ള സംവിധാനങ്ങൾ തയ്യാറാക്കിയത്.