16 April, 2020 11:14:32 AM
കരയ്ക്കടുപ്പിക്കാനാവാതെ കടലില്‍ നങ്കൂരമിട്ടിരുന്ന കപ്പലില്‍ 24 റോഹിഗ്യന്‍ അഭയാര്‍ഥികള്‍ വിശന്നു മരിച്ചു
ധാക്ക: കോവിഡ് ഭീഷണിയെ തുടര്‍ന്ന് തീരത്ത് അടുപ്പിക്കാന്‍ സാധിക്കാതെ രണ്ട് മാസമായി കടലില്‍ നങ്കൂരമിട്ടിരുന്ന കപ്പലില്‍ 24 റോഹിഗ്യന്‍ അഭയാര്‍ഥികള്‍ വിശന്നു മരിച്ചു. വിശന്ന് തളര്‍ന്ന 382 പേരെ ബംഗ്ലാദേശ് തീരസംരക്ഷണ സേന കപ്പലില്‍ നിന്നും കണ്ടെത്തി. മ്യാന്മറില് നിന്നും മലേഷ്യയിലേക്ക് പോയ കപ്പലാണിത്.
സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ കപ്പലില്‍ 400ല്‍ അധികം യാത്രക്കാരുണ്ടായിരുന്നുവെന്ന് ബംഗ്ലാദേശ് തീര സംരക്ഷണ സേന അറിയിച്ചു. വിശന്ന് തളര്‍ന്ന് ഇവര്‍ എഴുന്നേറ്റ് നില്ക്കുവാന് പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു. ഇവരെ മ്യാന്മറിലേക്ക് തിരികെ അയക്കുവാനുള്ള തീരുമാനത്തിലാണ്. സംഭവത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇടപെട്ടു. വിശപ്പ് അസഹനീയമായ പല ഘട്ടത്തിലും ആളുകള്‍ പരസ്പരം വഴക്കുണ്ടായ സാഹചര്യമുണ്ടായിരുന്നുവെന്ന് രക്ഷപെട്ട യാത്രക്കാര്‍ പറഞ്ഞു