12 April, 2020 08:12:24 PM
കോവിഡ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആശുപത്രി വിട്ടു
ലണ്ടന്‍: കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആശുപത്രി വിട്ടു. ഡൗണിങ് സ്ട്രീറ്റ് വക്താവാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് ബാധയെ തുടർന്ന് ഒരാഴ്ചയായി പ്രധാനമന്ത്രി ചികിത്സയിലായിരുന്നു.
പൂര്‍ണ ആരോഗ്യവാനാകുന്നതുവരെ ഔദ്യോഗിക വസതിയായ ചെക്കേഴ്‌സില്‍ ബോറിസ് വിശ്രമിക്കുമെന്നും വക്താവ് അറിയിച്ചു. തന്നെ പരിചരിച്ച ആരോഗ്യപ്രവർത്തകർക്ക് ബോറിസ് ജോണ്‍സണ്‍ നന്ദി അറിയിച്ചിട്ടുണ്ട്. മെഡിക്കല്‍ സംഘത്തിന്റെ കർശന നിര്‍ദേശമുള്ളതിനാല്‍ ബോറിസ് ഉടൻ ജോലിയില്‍ പ്രവേശിക്കില്ലെന്നും വക്താവ് അറിയിച്ചു.
ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിലാണ് ബോറിസ് ജോണ്‍സനെ പ്രവേശിപ്പിച്ചിരുന്നത്. കോവിഡ് 19 ബാധ സ്ഥിരീകരിച്ച് പത്തുദിവസത്തിന് ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. രോഗം വഷളായതിനെ തുടർന്ന് മൂന്നു ദിവസം തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് 19 സ്ഥിരീകരിച്ച വാര്‍ത്ത ബോറിസ് തന്നെയാണ് ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്.