08 April, 2020 09:51:05 AM
നാല് മലയാളികള്‍ കൂടി മരിച്ചു; അമേരിക്കന്‍ മലയാളികളില്‍ ആശങ്ക പടർത്തി കോവിഡ്
ന്യൂയോര്‍ക്കിലെ നഴ്സുമാരില്‍ 80 ശതമാനവും കേരളീയർ
ന്യൂയോര്‍ക്ക്: കോവിഡിന്റെ നാശം ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന അമേരിക്കയിൽ വൈറസ് ബാധ മൂലം മരണമടഞ്ഞവരില്‍ നാല് മലയാളികള്‍ കൂടി. തൊടുപുഴ, കോഴഞ്ചേരി, കോഴിക്കോട്, തൃശൂര്‍ സ്വദേശികളാണ് മരണമടഞ്ഞത്. കോവിഡ് കനത്ത നാശം ഉണ്ടാക്കിയ ന്യൂയോര്‍ക്കിലെ ന്യു ഹൈഡ് പാര്‍ക്കില്‍ താമസിക്കുന്ന നെടിയശാല പുത്തന്‍ വീട്ടില്‍ മാത്യു കോശിയുടെ ഭാര്യ മറിയാമ്മ മാത്യു (80), മെട്രോ ട്രാഫിക് അഡ്മിനിസ്റ്റ്രേഷനില്‍ (സബ് വെ) ട്രാഫിക് കണ്‍ട്രോളര്‍ ആയിരുന്ന ലാലു പ്രതാപ് ജോസ് (64) സോഷ്യല്‍ വര്‍ക്കറായ പോള്‍ ജോണ്‍ (27), ടെന്നിസണ്‍ പയ്യൂര്‍ (82) എന്നിവരാണ് ഇന്നലെ മരണമടഞ്ഞ മലയാളികള്‍.
ഇതോടെ അമേരിക്കയില്‍ മരിച്ച മൊത്തം മലയാളികളുടെ എണ്ണം 24 ആയി. 80 കാരി മറിയാമ്മ മാത്യൂ തൊടുപുഴ സ്വദേശിനിയാണ്. കോവിഡ് സംബന്ധമായ ചികില്‍സയിലായിരുന്നു. തൊടുപുഴ കരിംകുന്നം പുത്തന്‍പുരയില്‍ പരേതനായ കുരുവിളയുടെ പുത്രിയാണ്. കോഴഞ്ചേരി തെക്കേമല പേരകത്ത് ലാലു പ്രതാപ് ജോസ് ന്യൂയോര്‍ക്ക് മെട്രോ ട്രാഫിക് അഡ്മിനിസ്റ്റ്രേഷനില്‍ (സബ് വെ) ട്രാഫിക് കണ്‍ ട്രോളര്‍ ആയിരുന്നു. ഫിലഡല്‍ഫിയയില്‍ കോവിഡ് സംബന്ധമായ ചികില്‍സയിലായിരുന്നു. ഫിലഡല്ഫിയ അസന്‍ഷന്‍ മര്‍ത്തോമ്മ ചര്‍ച്ചിന്റെ സ്ഥാപക അംഗമായിരുന്ന ലാലു പ്രതാപ് സൈനിക സ്‌കൂളിലും കോഴഞ്ചേരി സെന്റ് തോമസ് കോളജിലും ലോ കോളജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
എയര്‍ഫോഴ്‌സിലായിരുന്ന ജോസഫിന്റെയും ഹെഡ്മിസ്ട്രസായിരുന്ന മറിയാമ്മയുടെയും പുത്രനായ ഇദ്ദേഹം 35 വര്‍ഷം മുന്‍പാണ് അമേരിക്കയില്‍ എത്തിയത്. സോഷ്യല്‍ വര്‍ക്കറായ പോള്‍ ജോണ്‍ ഡാളസിലാണ് മരണമടഞ്ഞത്. പ്ലേനോയിലായിരുന്നു താമസം. തിങ്കളാഴ്ച രാവിലെ പെട്ടെന്നു ബോധരഹിതനായി ആശുപത്രിയിലാക്കുകയായിരുന്നു. സൈനിക സ്‌കൂളില്‍ പഠിച്ച സാബു ജോണ്‍ നേവിയില്‍ സേവനമനുഷ്ടിച്ച ശേഷം 2001 ല്‍ ആയിരുന്നു അമേരിക്കയില്‍ എത്തിയത്. തൃശൂര്‍ സ്വദേശിയായ ടെന്നിസണ്‍ പയ്യൂര്‍ ന്യൂയോര്‍ക്കിലാണ് മരണമടഞ്ഞത്. റോക്ക്‌ലാന്റ് കൗണ്ടിയിലായിരുന്നു താമസിച്ചിരുന്നത്. എല്ലാവരുടേയും സംസ്‌ക്കാരം പിന്നീട് നടക്കും. അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണവും മരണവും ലോകത്തെ തന്നെ ഞെട്ടിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ യുഎസ് പൗരന്മാരെ പോലെ അവിടുത്തെ മലയാളികളും ആശങ്കയിലാണ്. ആതുര സേവന മേഖലയില്‍ അനേകം മലയാളികള്‍ ജോലി ചെയ്യുന്നുണ്ട്.
ന്യൂയോര്‍ക്കില്‍ ജോലി ചെയ്യുന്ന 5000 നഴ്‌സുമാരില്‍ 80 ശതമാനവും മലയാളികളാണ്. ന്യൂ ജഴ്‌സിയിലും അനേകം മലയാളികള്‍ ജോലി ചെയ്യുന്നുണ്ട്. ഇവര്‍ ദീര്‍ഘ സമയത്തേക്ക് ആശുപത്രികളില്‍ ജോലി ചെയ്യുകയാണ്. മരണനിരക്ക് ഉയരുമ്പോള്‍ ഇവരും ഇവരുടെ ബന്ധുക്കളും ആശങ്കയിലാണ്. മിക്ക മലയാളികളും വീടുകളില്‍ ആണ് കഴിയുന്നത്. വര്‍ക്ക് ഫ്രം ഹോമിലാണ് ജോലി ചെയ്യുന്നതും. അമേരിക്കയില്‍ ഇന്നലെ മാത്രം 1942 പേരാണ് മരിച്ചത്. 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തതും ഇത് തന്നെയാണ്. ഇതുവരെ മരണം 12,813 ആണ്. രോഗബാധിതരുടെ എണ്ണം നാലു ലക്ഷത്തിലേക്ക് നീങ്ങുകയാണ്. ഇതുവരെ 3,95,000 റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞിരിക്കുകയാണ്. ലോകത്തുടനീളമായി 82,000 മായിട്ടാണ് മരണം ഉയര്‍ന്നത്.