07 April, 2020 10:11:47 AM
ഫ്രാന്‍സിലും മരണം വിതച്ച് കോവിഡ് 19: ഒറ്റ ദിവസം പൊലിഞ്ഞത് 833 ജീവന്
പാരീസ്: ഫ്രാൻസിലും കോവിഡ്-19 രോഗം ബാധിച്ചുള്ള മരണസംഖ്യ വർധിക്കുന്നു. തിങ്കളാഴ്ച രാജ്യത്ത് 833 പേർ രോഗം ബാധിച്ച് മരിച്ചു. രോഗം സ്ഥിരീകരിച്ചതിനു ശേഷം ആദ്യമായാണ് ഒറ്റ ദിവസം ഇത്രയധികം പേർ മരിക്കുന്നത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലമുള്ള മരണം 8,911 ആയി ഉയർന്നു. കോവിഡ് രോഗം ബാധിച്ചവർ 98,010 ആയി. തിങ്കളാഴ്ച മരിച്ചവരിൽ 605 പേർ ആശുപത്രികളിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മറ്റ് 228 പേർ നഴ്സിംഗ് ഹോമുകളിലുമാണ് മരിച്ചത്.
രോഗവ്യാപനം അവസാനത്തിലേക്ക് എത്തിയിട്ടില്ലെന്നും കണക്കുകൾ അതാണ് സൂചിപ്പിക്കുന്നതെന്നും ആരോഗ്യമന്ത്രി ഒലിവർ വെരാൻ പറഞ്ഞു. രോഗത്തെ നിയന്ത്രണത്തിലാക്കാൻ സാധിച്ചിട്ടില്ല. അതിൽ നിന്ന് വളരെ അകലെയാണ്. പാത നീളമുള്ളതാണ്. പുറത്തുവരുന്ന കണക്കുകൾ ഇത് കാണിക്കുന്നു മന്ത്രി അറിയിച്ചു. വീട്ടിൽ തന്നെ ജാഗ്രതയോടെ തുടരണമെന്നും സുരക്ഷിതത്വം ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.