06 April, 2020 10:13:46 AM


കോവിഡിന് മുന്നിൽ വൈരാഗ്യം മറന്ന് രാജ്യങ്ങൾ: എയര്‍ ഇന്ത്യക്ക് വ്യോമപാത തുറന്നുകൊടുത്ത് പാകിസ്താൻ



ദില്ലി: ലോകത്താകെ കൊറോണ നാശം വിതയ്ക്കുമ്പോള്‍ രാജ്യങ്ങള്‍ തമ്മില്‍ ഉള്ള ഐക്യമാണ് പലപ്പോഴും പ്രതിസന്ധികളെ തരണം ചെയ്യാന്‍ സഹായകമാകുന്നത്. ഇന്ത്യയില്‍ നിന്ന് ഫ്രാങ്ക്ഫര്‍ട്ടിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തിന് വ്യോമപാത തുറന്നുകൊടുത്ത് പാക്കിസ്ഥാന്‍. പാക്കിസ്ഥാന്റെ വ്യോമപാതയില്‍ കടന്ന എയര്‍ഇന്ത്യ പൈലറ്റിനോട് ഒരേയൊരു ചോദ്യം മാത്രം... 'കോവിഡ് ദൗത്യത്തിന്റെ ഭാഗമാണോ യാത്ര?' അതേയെന്ന് ഉത്തരം കിട്ടിയതോടെ കറാച്ചിക്ക് മുകളിലൂടെ പറക്കാന്‍ അനുവാദം നല്‍കി. കറാച്ചിക്ക് മുകളിലൂടെയുള്ള വ്യോമപാത ദൂരം കുറയ്ക്കുമെന്നതിനാല്‍ ഇന്ത്യയെ സഹായിക്കുകയായിരുന്നു പാക്കിസ്ഥാന്‍.


ഈ സാഹചര്യത്തിലും ഇന്ത്യയുടെ പ്രത്യേക സര്‍വ്വീസുകള്‍ നടത്തുന്നതിനെ പാക്കിസ്ഥാന്‍ ഉദ്യോഗസ്ഥന്‍ അഭിനന്ദിച്ചു. സേനാതാവളങ്ങള്‍ ഉള്ളതിനാല്‍ തന്നെ മുന്‍പ് കറാച്ചിക്ക് മുകളിലൂടെ പറക്കാന്‍ ഇന്ത്യയെ അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് ഇറാനിലേക്ക് കടന്നപ്പോള്‍ എയര്‍ട്രാഫിക് അധികൃതരുമായി ബന്ധപ്പെടാന്‍ തടസ്സം നേരിട്ടു. ഇവിടെയും സഹായിച്ചത് പാക്കിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ തന്നെ.


ഇറാനുമായി ബന്ധപ്പെട്ട് വിമാനത്തിന്റെ വിശദാംശങ്ങള്‍ കൈമാറി. തുടര്‍ന്നാണ് എയര്‍ ഇന്ത്യ വിമാനത്തിനുള്ള പാത ഇറാന്‍ തുറന്നുകൊടുത്തത്. കുറേ കാലങ്ങള്‍ക്ക് ശേഷമാണ് ഒരു വിദേശ വിമാനത്തിനായി ഇറാന്‍ സേനാപാത തുറക്കുന്നത്. ഇറാനും ഇന്ത്യയുടെ ഈ പ്രവര്‍ത്തനത്തെ പുകഴ്ത്തി. വൈരാഗ്യം മറന്നും രാജ്യങ്ങള്‍ തമ്മില്‍ സഹകരണത്തിന് തയ്യാറാകുന്നു എന്നതാണ് കൊറോണ വന്നതോടെ ലോകത്തില്‍ പ്രകടമാകുന്ന ഒരു മാറ്റം



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K