01 April, 2020 08:43:13 AM
വേദനാജനകം: അമേരിക്കയില് രണ്ടരലക്ഷം ആളുകള് എങ്കിലും മരിക്കുമെന്ന് ട്രംപ്
വാഷിംഗ്ടണ്: അമേരിക്കയിൽ രണ്ടരലക്ഷം ആളുകളെങ്കിലും കൊറോണ വൈറസ് ബാധിച്ച് മരിക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അടുത്ത രണ്ടാഴ്ച ഏറ്റവും വേദനാജനകമാകുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡുമായി ബന്ധപ്പെട്ട ദൈനംദിന വാർത്താ സമ്മേളനത്തിലാണ് പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്. ഈ രണ്ടാഴ്ച ഏറ്റവും മോശമാകും. ചിലപ്പോൾ ഒരിക്കലും കണ്ടിട്ടില്ലാത്തവിധമുള്ള ഈ മോശം അവസ്ഥ മൂന്നാഴ്ചവരെ നീണ്ടേക്കാമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ രാജ്യത്ത് കൊറോണ വൈറസ് മൂലം 100,000 മുതൽ 2,40,000 വരെ മരണങ്ങൾ വരെ ഉണ്ടായേക്കാമെന്നു വൈറ്റ് ഹൗസ് വൃത്തങ്ങൾ കണക്കാക്കുന്നു. ഓരോ അമേരിക്കക്കാരനും വരാനിരിക്കുന്ന ദുഷ്കരമായ ദിവസങ്ങൾക്കായി തയാറാകണമെന്ന് അദ്ദേഹം ആഭ്യർഥിച്ചു. യാത്രകൾ ഒഴിവാക്കാനും റസ്റ്റോറന്റുകളിൽ പോകരുതെന്നും വീട്ടിലിരിക്കാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയിൽ 865 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. ആദ്യമായാണ് ഒരു ദിവസം ഇത്രയുമധികം ആളുകൾ മരിക്കുന്നത്. ഇതോടെ അമേരിക്കയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 3,889 ആയി. ഇതിനിടെ മരണ സംഖ്യയിൽ ചൈനയെ അമേരിക്ക പിന്നിടുകയും ചെയ്തു.