31 March, 2020 04:51:43 AM
അനുയായിക്ക് കോവിഡ്-19 ; ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു നിരീക്ഷണത്തിൽ
ജറുസലം: ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ അടുത്ത അനുയായിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മുൻകരുതലിന്റെ ഭാഗമായി നെതന്യാഹു ക്വാറന്റൈനിൽ പ്രവേശിച്ചു. നെതന്യാഹുവിനെ ചൊവ്വാഴ്ച കോവിഡ് പരിശോധനയ്ക്കു വിധേയനാക്കും. പരിശോധനാ ഫലം വരുന്നത് വരെ അദ്ദേഹം ക്വാറന്റൈനില്‍ തുടരും. കഴിഞ്ഞാഴ്ച നെതന്യാഹുവിനൊപ്പം പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുത്ത സ്റ്റാഫംഗത്തിനാണ് കോവിഡ് സ്ഥിരീകരിച്ചത്.
രോഗിയോട് നേരിട്ട് സമ്പർക്കം പുലർത്താത്തതിനാൽ പ്രധാനമന്ത്രിയുടെ ആരോഗ്യത്തിനു ഭീഷണിയല്ലെന്നാണു പ്രാഥമിക വിലയിരുത്തൽ. മാർച്ച് 15ന് നടത്തിയ പരിശോധനയിൽ നെതന്യാഹുവിന് നെഗറ്റീവ് ആയിരുന്നു. ഇസ്രയേലിൽ ആകെ 4,347 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 16 ആളുകൾ മരിച്ചു. 134 പേർ രോഗമുക്തി നേടി.