25 March, 2020 06:44:15 PM
ബ്രിട്ടീഷ് സിംഹാസനത്തിന്‍റെ അടുത്ത അവകാശി ചാൾസ് രാജകുമാരന് കോവിഡ് ബാധ
ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തിലും കൊറോണ വൈറസ് കണ്ടെത്തിയതായി റിപ്പോർട്ട്. ബ്രിട്ടീഷ് രാജ്ഞിയുടെ മകനും ബ്രിട്ടീഷ് സിംഹാസനത്തിന്‍റെ അടുത്ത അവകാശിയുമായ ചാൾസ് രാജകുമാരൻ കൊറോണ വൈറസ് പോസിറ്റീവ് ആയെന്നാണ് റിപ്പോർട്ട്. ഇപ്പോൾ സ്കോട്ട്ലന്‍റില്‍ ഐസൊലേഷനിലാണെന്നും വിവരം ലഭിക്കുന്നു.
ക്ലാരൻസ് ഹൗസിൽ നിന്നുള്ള പ്രസ്താവന ഇങ്ങനെ: വെയിൽസ് രാജകുമാരനെ കൊറോണ വൈറസ് പോസിറ്റീവ് ആയി കണ്ടെത്തി. ലക്ഷണങ്ങൾ പ്രകടിപ്പിച്ചുകൊണ്ടിരുന്ന അദ്ദേഹം ആരോഗ്യനിലയിൽ ബുദ്ധിമുട്ടുകളില്ലാതെ തുടരുകയും കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ പതിവുപോലെ വീട്ടിൽ നിന്ന് ജോലി ചെയ്യുകയും ചെയ്തു.
"കോൺവാളിലെ ഡച്ചസിനേയും ടെസ്റ്റ് നടത്തി. പക്ഷേ വൈറസ് ബാധ കണ്ടെത്തിയില്ല. സർക്കാർ, വൈദ്യോപദേശങ്ങൾ അനുസരിച്ച് രാജകുമാരനും ഡച്ചസും ഇപ്പോൾ സ്കോട്ട്ലൻഡിലെ വീട്ടിൽ ഐസൊലേഷനിലാണ്. ടെസ്റ്റുകൾ നടത്തിയത് ആബർഡീൻഷെയറിലെ എൻഎച്ച്എസ് ആണ്. പരിശോധനയ്ക്ക് ആവശ്യമായ മാനദണ്ഡങ്ങൾ അവർ പാലിച്ചു. അടുത്തിടെയായി രാജകുമാരൻ തന്‍റെ കൃത്യ നിർവഹണത്തിന്റെ ഭാഗമായി നടത്തിയ ഉന്നതതല ഇടപെടലുകൾ കാരണം ആരിൽ നിന്നാണ് വൈറസ് പിടിപെട്ടതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നും കുറിപ്പിൽ പറയുന്നു