25 March, 2020 11:43:07 AM
ഇറ്റലിയില്‍ ചൊവ്വാഴ്ച മരിച്ചത് 743 പേർ; ന്യൂസിലന്‍ഡില്‍ അടിയന്തരാവസ്ഥ
റോം: ഇറ്റലിയിൽ ചൊവ്വാഴ്ച മാത്രം കോവിഡ് ബാധിച്ച് മരിച്ചത് 743 പേർ. രാജ്യത്ത് 6,820 പേരാണ് കോവിഡ് 19 ബാധിച്ച് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം 18,891 ആയി. കോവിഡ് ബാധിതരുടെ ആകെ എണ്ണം നാലു ലക്ഷം കടന്നു. 4,22,566 പേര്‍ക്ക് കോവിഡ് ബാധിച്ചതായാണ് സ്ഥിരീകരണം.
ഇറ്റലിയില്‍ ആശുപത്രിയിലെത്തുന്നവര്‍ക്കു മാത്രമാണ് പരിശോധന നടത്തിയിട്ടുള്ളത്. ഈ സാഹചര്യത്തിൽ ആശുപത്രിയിൽ എത്താത്ത നിരവധി പേർക്കും രോഗബാധ ഉണ്ടായേക്കാമെന്നാണ് കരുതുന്നത്. 6.4 ലക്ഷം പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടാകുമെന്ന് സിവില്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിയുടെ മേധാവി ആഞ്ജലോ ബൊറേല്ലി പറയുന്നു.
ചൈനയില്‍ 3227 പേരാണ് മരിച്ചത്. സ്‌പെയിനില്‍ 2992 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സ്‌പെയിനില്‍ ചൊവ്വാഴ്ച മാത്രം 680 പേര്‍ മരിച്ചു. ഇറാനില്‍ 1934 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഫ്രാന്‍സില്‍ മരണം 1100 ആയി. ഫ്രാന്‍സില്‍ 240 എന്ന സംഖ്യയില്‍ നിന്നാണ് മരണ സംഖ്യ അധിവേഗം വര്‍ധിച്ചത്. യുഎസില്‍ മരണസംഖ്യ 775 ആയി.
ബ്രിട്ടനില്‍ മരണം 422 ആയി ഉയര്‍ന്നു. ചൊവ്വാഴ്ച മാത്രം 87 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ന്യൂസിലന്‍ഡില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ന്യൂസിലന്‍ഡില്‍ ആകെ 205 പേര്‍ക്കാണ് കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തത്.യുഎസില്‍ പതിനായിരത്തോളം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മൂന്നു മാസമായി വിലക്കേർപ്പെടുത്തിയിരുന്ന ഹുബെയ് പ്രവിശ്യയും തലസ്ഥാനനഗരിയായ വുഹാനും തുറക്കും. ഇവിടെ 5.6 കോടി ജനങ്ങളാണുള്ളത്.