17 March, 2020 02:41:54 PM
കൊറോണ: ചൈനയ്ക്ക് പിന്നാലെ രോഗികൾക്ക് പ്രത്യേക ആശുപത്രി പണിത് റഷ്യയും
മോസ്കോ: കൊറോണ വൈറസ് ബാധിതരുടെ എണ്ണം അനിയന്ത്രിതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ രോഗികൾക്ക് പ്രത്യേക ആശുപത്രി പണിത് റഷ്യയും. വുഹാനിൽ കൊറോണ ബാധിതരുടെ എണ്ണം വർദ്ധിച്ചപ്പോൾ അവരെ ചികിത്സിക്കുന്നതിനായി ചൈന പ്രത്യേക ആശുപത്രി പണി കഴിപ്പിച്ചിരുന്നു. ഇതേ രീതിയാണ് റഷ്യയും അവലംബിച്ചിരിക്കുന്നത്.
പുതിയതായി പണി കഴിപ്പിക്കുന്ന ആശുപത്രിയിൽ 500 ബെഡുകൾക്കുള്ള സൗകര്യമാണ് ഉള്ളതെന്ന് മോസ്‌കോ ഡെപ്യൂട്ടി മേയർ അനസ്റ്റാഷ്യ റകോവ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ലോകത്ത് ഇതുവരെ കോവിഡ് 19 ബാധിച്ച് ഏഴായിരത്തിനു മുകളിൽ ആളുകളാണ് മരിച്ചത്. ലോകാരാഗ്യ സംഘടന കോവിഡ് 19 പകർച്ച വ്യാധിയായി പ്രഖ്യാപിച്ച സാഹചര്യത്തിൽ മുൻകരുതലെന്നോണമാണ് റഷ്യ പുതിയ ആശുപത്രി പണി കഴിപ്പിക്കുന്നത്.
അതേസമയം, റഷ്യയിൽ ഇതുവരെ 93 കോവിഡ് 19 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മോസ്കോയിലാണ് ഏറ്റവും അധികം കേസുകൾ. മോസ്കോ കഴിഞ്ഞാൽ സെന്‍റ് പീറ്റേഴ്സ് ബർഗിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.