15 March, 2020 10:05:39 AM
പ്രധാനമന്ത്രിയുടെ ഭാര്യക്കും മന്ത്രിമാര്‍ക്കും കൊറോണ; സ്പെയിനില്‍ അടിയന്തിരാവസ്ഥ
മാഡ്രിഡ്: സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാൻചെസിന്‍റെ ഭാര്യ ബെഗോണ ഗോമസിന് കൊറോണ. സ്പാനിഷ് സർക്കാർ ശനിയാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രിയുടെയും ഭാര്യയുടെയും ആരോഗ്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
ഇരുവരും മാഡ്രിഡിലെ ലാ മോൺക്ലോവ പാലസിൽ ഉണ്ടെന്നും വൈദ്യ സംഘത്തിന്റെ നിർദേശങ്ങൾ കൃത്യമായി പാലിച്ച് വരുന്നതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നു. സാൻചെസിന്റെ മന്ത്രിസഭയിലെ രണ്ട് മന്ത്രിമാർക്ക് നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഭാര്യയ്ക്കും രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. സ്പെയിനിൽ 5,753 ആളുകളിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതിൽ പകുതിയും മാഡ്രിഡിലാണെന്നും അധികൃതർ അറിയിച്ചു. ജനുവരി അവസാനമാണ് സ്പെയിനിൽ ആദ്യ കൊറോണ കേസ് കണ്ടെത്തിയത്. കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ സ്പെയ്നിൽ രണ്ടാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
അതേസമയം ലോകത്ത് 156098 പേർക്കാണ് ഇതുവരെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. 5819 പേരാണ് രോഗത്തെ തുടർന്ന് മരിച്ചത്.