07 March, 2020 05:19:30 PM
വൈദികന്‍റെ ലൈംഗിക പീഡനം; ഫ്രാന്‍സിലെ കര്‍ദിനാളിന്‍റെ രാജി മാര്‍പാപ്പ അംഗീകരിച്ചു
വത്തിക്കാന്‍: ഒരു വൈദികന്‍റെ ലൈംഗിക പീഡന പരാതി മറച്ചുവെച്ചുവെന്ന് ആരോപണം നേരിട്ട ഫ്രാന്‍സിലെ ലിയോണ്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ഫിലിപ്പെ ബാര്‍ബറിന്‍ രാജിവെച്ചു. രാജി ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിച്ചു. വത്തിക്കാന്‍ ന്യുസ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2019 മാര്‍ച്ചിലാണ് കര്‍ദിനാള്‍ ഫിലിപ്പെയെ കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി ആറു മാസത്തേക്ക് ശിക്ഷിച്ചത്. വൈകാതെ ശിക്ഷ സസ്‌പെന്റു ചെയ്തിരന്നു. ഇതിനു തൊട്ടുപിന്നാലെ മാര്‍ച്ച് 18നാണ് കര്‍ദിനാള്‍ വത്തിക്കാന് രാജിക്കത്ത് നല്‍കിയത്.
എന്നാല്‍ 'രൂപതയ്ക്കു വേണ്ടി ഉചിതമായ തീരുമാനം എടുക്കാനായിരുന്നു' മാര്‍പാപ്പ കര്‍ദിനാളിന് നിര്‍ദേശം നല്‍കിയത്. ഇക്കഴിഞ്ഞ ജനുവരി 30ന് ഫ്രഞ്ച് കോടതി ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ രാജി തീരുമാനത്തില്‍ കര്‍ദിനാള്‍ ഉറച്ചുനിന്നതോടെ വത്തിക്കാന്‍ അംഗീകരിക്കുകയായിരുന്നു. മൊറോക്കോയിലെ റാബത്ത് സ്വദേശിയാണ് 69കാരനായ കര്‍ദിനാള്‍ ഫിലിപ്പെ. പുതിയ ആര്‍ച്ച്ബിഷപിനെ നിയമിക്കുന്നതുവരെ ലിയോണ്‍ അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആയി മോണ്‍. മൈക്കിള്‍ ദ്യൂബോസ്റ്റിനെ വത്തിക്കാന്‍ നിയമിച്ചു.