24 February, 2020 11:14:09 PM
ദുബായില്‍ സർക്കാർ ജീവനക്കാര്‍ക്ക് മാർച്ച് മുതൽ ശമ്പളവർദ്ധനവ് 3000 ദിർഹം വരെ
ദുബായ്: സർക്കാർ ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിച്ചത് ഔദ്യോഗികമായി പ്രഖ്യാപിച്ച് ദുബായ്. 150 ദിർഹം മുതൽ 3000 ദിർഹം വരെയാണ് ശമ്പളവർദ്ധനവ്. മാർച്ച് മാസം മുതൽ ശമ്പളവർദ്ധനവ് പ്രാബല്യത്തിൽ വരുമെന്ന് മാനവവിഭവശേഷി വകുപ്പ് ഡയറക്ടർ ജനറൽ അബ്ദുല്ല ബിൻ സായിദ് അൽ ഫലാസി അറിയിച്ചു. 47000 സർക്കാർ ജീവനക്കാർക്ക് പുതിയ ശമ്പളവർദ്ധനവിന്‍റെ ആനുകൂല്യം ലഭിക്കും.
2018-ലെ ദുബായ് മാനവ വിഭവശേഷി മാനേജ്മെന്‍റ് നിയമം-8 പ്രകാരം സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്നവർക്കാണ് പുതിയ വേതന വർദ്ധനവ് ലഭ്യമാകുക. താൽക്കാലിക അടിസ്ഥാനത്തിലും പ്രത്യേക കരാറുകളിലും പാർട്ട് ടൈം അടിസ്ഥാനത്തിലും ജോലി ചെയ്യുന്നവർക്ക് ശമ്പള വർദ്ധനവ് ലഭിക്കില്ല. കൂടാതെ അവരവരുടെ ഗ്രേഡുകളിൽ അനുവദിക്കപ്പെട്ടിട്ടുള്ള പരമാവധി ശമ്പളം വാങ്ങുന്നവർക്കും ഇപ്പോഴത്തെ വേതനവർദ്ധനവ് ലഭിക്കില്ല.
പുതിയ ശമ്പള-ഇൻക്രിമെന്‍റ് നയത്തിന് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇക്കഴിഞ്ഞ ജനുവരിയിലാണ് അംഗീകാരം നൽകിയത്. പുതിയ ശമ്പള ഘടന അനുസരിച്ച് സർക്കാർ ജീവനക്കാർക്ക് കുറഞ്ഞത് പത്ത് ശതമാനം വർദ്ധനവ് ലഭിക്കുമെന്നും അന്ന് വ്യക്തമാക്കിയിരുന്നു. പ്രൊഫഷണൽ ജീവനക്കാരുടെ ശമ്പള വർദ്ധനവ് ഒമ്പത് മുതൽ 16 ശതമാനം വരെയായിരിക്കും.
കൂടാതെ ജോലി സമയത്തിൽ ഇളവ് അനുവദിക്കാനും പാർട്ട് ടൈമായി ജോലി ചെയ്യുന്നതിനും വ്യവസ്ഥ ചെയ്യുന്ന തരത്തിലാണ് പുതിയ ശമ്പള-ഇൻക്രിമെന്‍റ് നയം ആവിഷ്ക്കരിച്ചിരിക്കുന്നത്. ബിരുദധാരിയായ സ്വദേശിക്ക് മിനിമം ശമ്പളം ഉറപ്പാക്കുന്നുണ്ട്. റിസ്ക്ക് അലവൻസ്, എയർ ടിക്കറ്റ് അലവൻസ്, മെഡിക്കൽ ഇൻഷുറൻസ്, വിരമിക്കൽ ആനുകൂല്യം എന്നിവയിലും പരിഷ്ക്കാരങ്ങൾ വരുത്തിയിട്ടുണ്ട്.
യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നേരിട്ട് ഇടപെട്ടാണ് പുതിയ ശമ്പളഘടന ആവിഷ്ക്കരിച്ചത്. ദുബായിലെ സർക്കാർ ജീവനക്കാരുടെ ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതരത്തിൽ തൊഴിൽഘടനയിലും ആവശ്യമായ പരിഷ്കാരങ്ങൾ നടപ്പാക്കുന്നുണ്ട്. മാനവവിഭവശേഷിയുടെ കാര്യത്തിൽ ലോകം ദുബായിയെ മാതൃകയാക്കുന്നതരത്തിലേക്കുള്ള മാറ്റങ്ങളാണ് കൊണ്ടുവന്നതെന്ന് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ജനുവരിയിൽ വ്യക്തമാക്കിയിരുന്നു.