22 February, 2020 12:26:00 AM


'കത്തിക്കൊണ്ട് ഹൃദയം തകര്‍ക്കണം, എന്നെ ആരെങ്കിലും ഒന്ന് കൊന്ന് തരൂ' - സങ്കടവുമായി ഒമ്പതുകാരൻ




മെല്‍ബണ്‍ : ബോഡി ഷെയ്മിങ് എന്നത് ആര്‍ക്കും സഹിക്കാന്‍ പറ്റുന്ന കാര്യമല്ല. മുതിര്‍ന്ന ആളുകളെ തന്നെ ബോഡി ഷെയ്മിങ്ങിന്റെ പേരില്‍ കളിയാക്കുമ്പോള്‍ തന്നെ അവര്‍ക്ക് അത് ഒരുപാട് വേദനിക്കാറുണ്ട്. അപ്പോള്‍ പിന്നെ ഒരു കുഞ്ഞിന്റെ കാര്യം പറയേണ്ടതില്ലല്ലോ. ബോഡി ഷെയ്മിങ്ങിന് വിധേയനായ ഒരു കുഞ്ഞിന്റെ സങ്കടമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.


കുഞ്ഞ് വിദ്യാര്‍ത്ഥി ഒമ്പതു വയസുകാരനായ ക്വാഡനാണ് തനിക്ക് ഏല്‍ക്കേണ്ടി വന്ന പരിഹാസത്തെ കരഞ്ഞ് കൊണ്ട് പറയുന്നത്. കൂട്ടുകാര്‍ തന്നെ കുള്ളന്‍ എന്ന് വിളിച്ച് കളിയാക്കുകയാണ് എന്നും തന്നെ ഒന്നു കൊന്നുതരുമോ എന്നുമാണ് ക്വാഡന്‍ ചോദിക്കുന്നത്. ക്വാഡന്റെ അമ്മ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ മണിക്കൂറുകള്‍ക്കകം നിരവധി ആളുകളാണ് കണ്ടത്. കത്തി കൊണ്ട് എനിക്ക് എന്റെ ഹൃദയം തകര്‍ക്കണം, എന്നെ ആരെങ്കിലും ഒന്ന് കൊന്ന് തരുമോ എന്നാണ് ഉയരം കുറവായ ക്വാഡന്‍ പറയുന്നത്. 


വീഡിയോ എടുത്ത ക്വാഡന്റെ അമ്മ മകന്റെ സങ്കടം തന്റെ കുടുംബത്തെ എത്രമാത്രം വേദനിപ്പിക്കുന്നുവെന്നും ഇത്തരത്തിലുള്ള പരിഹാസം ഒരു കുഞ്ഞിനെ തകര്‍ക്കുന്നതെന്ന് മനസ്സിലാക്കണമെന്നും പറഞ്ഞു. ഒരു രക്ഷിതാവ് എന്ന നിലയില്‍ ഞാന്‍ പരാജയപ്പെട്ടതായി തോന്നുന്നു. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം പരാജയപ്പെടുന്നു അവര്‍ പറഞ്ഞു.


വീഡിയോ സമൂഹമാധ്യമത്തില്‍ പങ്ക്‌വെച്ചതോടെ നിരവധി പേരാണ് കുട്ടിക്ക് പിന്തുണയായി എത്തിയത്. 1.80 കോടി പേരാണ് വീഡിയോ കണ്ടരിക്കുന്നത്. വീഡിയോ കണ്ട നിരവധി പേര്‍ കുഞ്ഞിന് പിന്തുണ നല്‍കിയും സ്‌നേഹം പങ്ക്‌വെച്ചും രംഗത്ത് വന്നിരുന്നു. ആസ്‌ട്രേലിയയുടെ ദേശീയ റഗ്ബി താരങ്ങള്‍ ക്വാഡന് പിന്തുണ അറിയിക്കുകയും തങ്ങളുടെ മത്സരം കാണാന്‍ ഔദ്യേഗിക ക്ഷണം അയക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിൽ നിന്നും സിനിമാതാരം ഉണ്ടപക്രുവും ക്വാഡന് ആശ്വാസവാക്കുകളുമായി രംഗത്തെത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K