17 February, 2020 03:41:27 PM


ദുബായിൽ ഇന്ത്യക്കാരനെ നഗ്നനാക്കി കവർച്ച; ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി



ദുബായ്: ദുബായില്‍ ഇന്ത്യൻ തൊഴിലാളിയെ നഗ്നനാക്കി കവർച്ച ചെയ്തു. 500 ദിർഹവും (9720 രൂപ), മൊബൈൽ ഫോണും ഇയാളിൽ നിന്ന് കവർന്നു. ഇയാളുടെ നഗ്ന ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയ ശേഷം ഇത് ഓൺ ലൈനിലൂടെ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. ശമ്പളകുടിശിഖയുമായി ബന്ധപ്പെട്ടുണ്ടായ അഭിപ്രായവത്യാസത്തെ തുടര്‍ന്നുണ്ടായ സംഭവത്തില്‍ നിര്‍മ്മാണകമ്പനിയിലെ ഇന്ത്യക്കാരായ രണ്ട് പേരെ ദുബായ് പോലീസ് കോടതിയിൽ ഹാജരാക്കി. 


മുഴുവൻ ശമ്പളം നൽകാത്തതിന് പൊലീസിൽ പരാതിപ്പെടുമെന്ന് അറിയിച്ചതിനാണ് പ്രതികൾ ഇയാളെ ഉപദ്രവിച്ചതത്രേ.  2019ൽ വിസിറ്റിംഗ് വിസയിലാണ് പരാതിക്കാരൻ ദുബായിലെത്തിയത്. ജോലി അന്വേഷിച്ച് നടക്കുന്നതിനിടെ ഇയാൾക്ക് മാസം 1500 യുഎഇ ദിർഹം (29143.44 രൂപ) ശമ്പളത്തിൽ നിർമ്മാണ കമ്പനിയിൽ ജോലി കിട്ടി. എന്നാൽ ഇവർ മുഴുവൻ ശമ്പളവും നൽകിയില്ല, മാത്രമല്ല 100 ദിർഹം മാത്രം നൽകുകയും ചെയ്തു. 


2019 നവംബറിൽ അൽ റെഫ പൊലീസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്ന തന്നെ രണ്ട് പ്രതികളും ഒരു മുറിക്കുള്ളിൽ വെച്ച് മർദിക്കുകയായിരുന്നു. നഗ്നനാക്കി ഫോണിൽ ചിത്രങ്ങൾ പകർത്തി. സംഭവം പൊലീസിൽ റിപ്പോർട്ട് ചെയ്താൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ക്ലിപ്പുകൾ പ്രസിദ്ധീകരിക്കുമെന്ന് അവർ ഭീഷണിപ്പെടുത്തി - പരാതിക്കാരൻ പറയുന്നു. സാമ്പത്തികതർക്കത്തെ തുടർന്ന് ഇരയെ ആക്രമിച്ചതായി സമ്മതിച്ച രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. മോഷണം, ഭീഷണിപ്പെടുത്തൽ, ലൈംഗിക പീഡനം, ശാരീരിക ആക്രമണം എന്നീ കുറ്റങ്ങളാണ് ദുബായ് പബ്ലിക് പ്രോസിക്യൂഷൻ ചുമത്തിയത്. കേസിന്‍റെ അടുത്ത വിചാരണ ഫെബ്രുവരി 23 നാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K