06 February, 2020 02:04:15 PM


റോഡിലിടിച്ചിറങ്ങിയ വിമാനം മൂന്നായി പിളർന്നു: മൂന്ന് മരണം; 179 പേര്‍ക്ക് പരിക്ക്



ഇസ്താംബുൾ: ലാൻഡിംഗിനിടെ റൺവെയിൽ നിന്ന് തെന്നിമാറിയ യാത്രാവിമാനം മൂന്നായി പിളർന്ന് മൂന്ന് പേര്‍ മരിച്ചു. 179 യാത്രക്കാർക്ക് പരിക്ക്. സാരമായി പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് തുര്‍ക്കിയിലെ ഒരു ദേശീയ മാധ്യമത്തെ ഉദ്ദരിച്ചുള്ള റിപ്പോർട്ട്. തുർക്കി ഇസ്താംബുളിലെ സബീന ഗോകർ വിമാനത്താവളത്തിലുണ്ടായ അപകടത്തിൽ യാത്രക്കാർ ജീവനോടെ രക്ഷപ്പെട്ടത് അത്ഭുതകരമായാണ്.


ഇസ്മിറിൽ നിന്ന് ആറ് ജീവനക്കാരും 177 ആളുകളുമായാണ് വിമാനം എത്തിയത്. ശക്തമായ മഴയിൽ ലാൻഡ് ചെയ്യുന്നതിനിടെ റണ്‍വെയിൽ നിന്ന് തെന്നിമാറി റോഡിലേക്കിടിച്ചിറങ്ങുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വിമാനം മൂന്നായി പിളർന്നു. വിമാനത്തിനകത്ത് നിന്ന് തീപടർന്ന് പിടിച്ചെങ്കിലും പെട്ടെന്ന് അണയ്ക്കാനായത് വൻദുരന്തമാണ് ഒഴിവാക്കിയത്. അപകടത്തെ തുടർന്ന് വിമാനത്താവളം അടച്ചു.


അപകടത്തിൽപെട്ട വിമാനത്തിലെ ചിറകുകളിലും മറ്റും പിടിച്ചു കയറി ആളുകൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും പ്രചരിക്കുന്നുണ്ട്. പെഗാസസ് എയര്‍ലൈന്‍സിന്‍റെ ജെറ്റാണ് അപകടത്തില്‍പ്പെട്ടത്. ഇതാദ്യമായല്ല പെഗാസസ് എയര്‍ലൈൻസ് അപകടത്തിൽപ്പെടുന്നത്. 2018ൽ പെഗാസസ് ബോയിംഗ് 737 വിമാനം ത്രബ്സോണ്‍ വിമാനത്താവളത്തില്‍ റണ്‍വേയില്‍ നിന്ന് തെറ്റി സമീപത്തെ കടലിന് അടുത്തെത്തിയിരുന്നു. അന്നും വലിയ ദുരന്തമാണ് ഒഴിവായത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K