30 January, 2020 09:47:35 AM
സുലൈമാനി വധം: സൂത്രധാരനായ സിഐഎ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായി ഇറാൻ
കാബൂൾ: ഇറാൻ സൈനിക കമാൻഡർ ജനറൽ ഖാസിം സുലൈമാനിയെ വധിക്കാനുള്ള നടപടികൾക്കു നേതൃത്വം നൽകിയ സിഐഎ ഉദ്യോഗസ്ഥൻ അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടതായി ഇറാൻ മാധ്യമങ്ങൾ. മധ്യേഷ്യയിലെ സിഐഎ പ്രവർത്തനങ്ങളുടെ ചുമതലയുണ്ടായിരുന്ന മൈക്കൽ ഡി ആൻഡ്രിയയാണു മരിച്ചതെന്നു റഷ്യൻ ഇന്റലിജൻസ് ഏജൻസിയെ ഉദ്ധരിച്ചു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അഫ്ഗാനിസ്ഥാനിലെ ഗസ്നി പ്രവിശ്യയിലാണ് അപകടമുണ്ടായത്. യുഎസ് നിരീക്ഷണ വിമാനമാണു തകർന്നതെന്നാണു റിപ്പോർട്ട്. എന്നാൽ വാർത്ത യുഎസ് നിഷേധിച്ചു. വിമാനത്തിൽ സിഐഎ ഉദ്യോഗസ്ഥർ ആരുമുണ്ടായിരുന്നില്ലെന്നു യുഎസ് വ്യക്തമാക്കി. പക്ഷേ, രണ്ടു പേരുടെ മൃതദേഹം കിട്ടിയതായി യുഎസ് അറിയിച്ചിട്ടുണ്ട്. കൊടുംഭീകരൻ ഒസാമ ബിൻ ലാദനെ വധിക്കാനുള്ള ഓപ്പറേഷന് ഉൾപ്പെടെ നേതൃത്വം നൽകിയ, ഇന്റലിജൻസ് വൃത്തങ്ങളിൽ ഡാർക്ക് പ്രിൻസ്, ആയത്തൊള്ള മൈക്ക് എന്നീ പേരുകളിൽ അറിയപ്പെടുന്ന സിഐഎ ഉദ്യോഗസ്ഥനാണ് മൈക്കൾ ഡി ആൻഡ്രിയ.
അമേരിക്കയിലെ സെപ്റ്റംബർ 11 ഭീകരാക്രമണത്തിനുശേഷം ഭീകരരെ ചോദ്യം ചെയ്യുന്ന നടപടികൾക്കു നേതൃത്വം കൊടുത്തത് മൈക്കളായിരുന്നു. അതേസമയം ഇറാന്റെ വാദം തെളിയിക്കുന്ന തെളിവുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദിലെ ഇന്റർനാഷണൽ വിമാനത്താവളത്തിനു സമീപം ഡ്രോണ്‍ ആക്രമണത്തിലാണു ഖാസിം സുലൈമാനി അടക്കമുള്ളവരെ യുഎസ് വധിച്ചത്.