27 January, 2020 08:34:43 AM


ചൈനയില്‍ മരണം 80 ആയി ; 2744 പേര്‍ക്ക് കൊറോണാ വൈറസ് ബാധ ; വുഹാനിൽ നിന്നും കൂട്ടപാലായനം



വുഹാന്‍: ചൈനയിൽ കൊറോണാ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 80 ആയതോടെ എങ്ങും പരിഭ്രാന്തി. രാജ്യത്ത് 2744 പേര്‍ക്കാണ് വൈറസ് ബാധ ഏറ്റിരിക്കുന്നത്. സ്ഥിതി അതീവ ഗുരുതരമാണെന്ന് പ്രസിഡന്‍റ് ഷീ ജിൻപിങ് മുന്നറിയിപ്പ് നൽകി. യാത്രാ വിലക്ക് ഉള്‍പ്പെടെ വൈറസ് വ്യാപനം തടയാൻ ശക്തമായ നടപടികളിലേക്ക് അധികൃതർ കടക്കുകയാണ്.


വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടതെന്ന് കരുതുന്ന വുഹാൻ നഗരം ഏറെക്കുറെ ഒറ്റപ്പെട്ട നിലയിലാണ്. ഇവിടെ നിന്നും പാലായനം ചെയ്തിരിക്കുന്നത് 50 ലക്ഷത്തിലധികം പേരാണ്. രാജ്യത്ത് വ്യാപകമായി യാത്രാ വിലക്ക് പ്രഖ്യാപിക്കുകയാണ്. വുഹാനിലുള്ള ഇന്ത്യക്കാർ നിലവിൽ സുരക്ഷിതരാണെന്നും ആർക്കും അണുബാധ ഏറ്റിട്ടില്ലെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.


കൊറോണാ ബാധിതര്‍ക്കായി പ്രത്യേക ആശുപത്രികളുടെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുയാണ്. രണ്ടാമത്തെ ആശുപത്രിയുടെ നിര്‍മ്മാണം 15 ദിവസത്തിനകം പൂര്‍ത്തിയാക്കും എന്നാണ് പ്രതീക്ഷ. വരും ദിവസങ്ങളിൽ ചൈന കൂടുതൽ കർശ്ശന നടപടികളിലേക്ക് കടന്നേക്കും. നിലവിൽ 12 നഗരങ്ങളിലാണ് യാത്രാവിലക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. രാജ്യത്ത് വളർത്തു മൃഗങ്ങളുടെ വിൽപ്പന നിരോധിച്ചു. ഫാമുകൾ കർശ്ശന നിരീക്ഷണത്തിലാക്കി.


ഇതിനിടെ ചൈനയിൽ നിന്ന് വന്ന അഞ്ചാമത് ഒരാൾക്ക് കൂടി അമേരിക്കയിൽ അണുബാധ സ്ഥിരീകരിച്ചതോടെ വുഹാനിലെ യുഎസ് കോൺസുലേറ്റിലെ ഉദ്യോഗസ്ഥരെ അമേരിക്ക നാളെ പ്രത്യേക വിമാനത്തിൽ തിരിച്ചുകൊണ്ടുപോകും. എത്രയും പെട്ടെന്ന് നാട്ടിലേക്ക് മടങ്ങണമെന്ന് സ്വന്തം പൗരൻമാര്‍ക്ക് അമേരിക്ക നിര്‍ദ്ദേശം നൽകി. ചൈനയിൽ നിന്ന് കാനഡയിലെത്തിയ ഒരാളിലും വൈറസ് കണ്ടെത്തി. ഇതുവരെ ഉണ്ടായിരുന്നതിൽ നിന്ന് വ്യത്യസ്ഥമായി ഇപ്പോഴത്തെ വൈറസ് ശരീരത്തിൽ കയറി, രോഗലക്ഷണങ്ങൾ പ്രകടമാകും മുമ്പേ വൈറസ് ബാധിതൻ രോഗാണു വാഹകനാവുന്നു എന്നതാണ് വെല്ലുവിളി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K