23 January, 2020 02:05:55 PM
കോട്ടയം സ്വദേശിനിയ്ക്ക് കൊറോണ വൈറസ് ബാധ: സൗദിയിൽ മലയാളി നഴ്സുമാർ നിരീക്ഷണത്തിൽ
റിയാദ്: സൗദിയിൽ ജോലി ചെയ്യുന്ന കോട്ടയം സ്വദേശിനിയായ നഴ്സിനു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ മലയാളി നഴ്സുമാർ നിരീക്ഷണത്തിൽ. കൊറോണ വൈറസ് ബാധയേറ്റ ഫിലിപ്പീൻസ് യുവതിയെ ചികിത്സിച്ച മലയാളി നഴ്സുമാരെയാണ് നിരീക്ഷിച്ചുവരുന്നത്. ഇവരെ പ്രത്യേക മുറിയിലേക്ക് മാറ്റി. സൗദിയിലെ സ്വകാര്യ ആശുപത്രിയായ അൽ ഹയത് നാഷണലിലാണ് സംഭവം.
മുപ്പത് മലയാളി നഴ്സുമാരാണ് നിരീക്ഷണത്തിലുള്ളത്. മതിയായ പരിചരണമോ കൃത്യമായ ഭക്ഷണമോ ലഭിക്കുന്നില്ലെന്നും നഴ്സുമാർ പരാതി ഉന്നയിച്ചു. ചൈനയിലാണ് കോറോണ വൈറസ് ബാധ ഗുരുതര ഭീഷണി ഉയർത്തുന്നത്. 17 പേർ ഇതിനകം മരിച്ചു. നാനൂറ്റന്പതോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. അന്പതിലേറെ പേർ ഗുരുതരാവസ്ഥയിലാണ്. ചൈനയിലെ വുഹാൻ നഗരത്തിലാണ് രോഗം ആദ്യം റിപ്പോർട്ട് ചെയ്തത്. മനുഷ്യരിൽനിന്നു മനുഷ്യരിലേക്കു പടരുമെന്നതാണ് രോഗത്തെ കൂടുതൽ അപകടകാരിയാക്കുന്നത്.
ഇന്ത്യയിലും വിമാനത്താവളങ്ങളിൽ അടക്കം പരിശോധന കർശനമാക്കി. കൊച്ചി, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവടങ്ങളിൽ പ്രത്യേക പരിശോധന ആരംഭിച്ചിട്ടുണ്ട്. സൗദിയിൽ രോഗം സ്ഥിരീകരിച്ചതോടെ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.