06 January, 2020 10:21:40 PM
ജെഎന്‍യു വിദ്യാർഥികൾക്കു സുരക്ഷ നൽകാൻ കഴിഞ്ഞില്ല; വാർഡൻമാർ രാജിവച്ചു
ദില്ലി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ സബർമതി ഹോസ്റ്റലിന്റെ ചുമതലയുള്ള വാർഡൻമാർ രാജിവച്ചു. സീനിയർ വാർഡൻ, റിക്രിയേഷൻ ചുമതലയുള്ള വാർഡൻ എന്നിവരാണ് തിങ്കളാഴ്ച രാവിലെ സർവകലാശാല ഡീനിനു രാജി സമർപ്പിച്ചത്. വിദ്യാർഥികൾക്കു സുരക്ഷ നൽകാൻ കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടിയാണു രാജി. ജെഎന്‍യു കാന്പസിലുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ സർവകലാശാല വൈസ് ചാൻസലൻ ജഗദീഷ് കുമാർ രാജിവയ്ക്കണമെന്നാണ് വിദ്യാർഥി യൂണിയൻ ആവശ്യപ്പെടുന്നത്.
വിസി ഭീരുവാണെന്നും പിൻവാതലിലൂടെ അദ്ദേഹം നിയമവിരുദ്ധമായ നയങ്ങൾ അവതരിപ്പിക്കുകയാണെന്നും വിദ്യാർഥി യൂണിയൻ ആരോപിച്ചു. ഞായറാഴ്ച വൈകിട്ട് ഏഴോടെയാണ് ജെഎന്‍യുവിൽ ആക്രമണം ആരംഭിച്ചത്. വടികളും മാരകായുധങ്ങളുമായി മുഖംമൂടി ധരിച്ചെത്തിയ ഗുണ്ടകൾ വിദ്യാർഥികളെയും അധ്യാപകരെയും ആക്രമിച്ചു. കാന്പസിലെ വനിതാ, മിക്സഡ് ഹോസ്റ്റലുകളിൽ മുഖംമൂടി ധരിച്ച അക്രമി സംഘം കടന്നുകയറി ആക്രമണം നടത്തി. ഇതിനെതിരേ ചെറുവിരൽ അനക്കാൻ ഡൽഹി പോലീസോ ജെഎന്‍യു ഭരണകൂടമോ തയാറായില്ല.
മൂന്നു മണിക്കൂറോളം അക്രമികൾ ജെഎന്‍യു കാന്പസിൽ അഴിഞ്ഞാടി. പരിക്കേറ്റവരെ കൊണ്ടുപോകുന്നതിനായി എത്തിയ ആംബുലൻസുകൾ അക്രമികൾ അടിച്ചുതകർത്തു. ഡോക്ടർമാരെയും നഴ്സുമാരെയും ഭീഷണിപ്പെടുത്തി. വൈസ് ചാൻസലൻ ജഗദീഷ് കുമാർ ഇതുവരെ നേരിട്ട് പരസ്യ പ്രതികരണത്തിനു തയാറായിട്ടില്ല. ഒരു പ്രസ്താവനയിൽ പ്രതികരണം ഒതുക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്.