05 January, 2020 08:23:43 PM
ബോളിവുഡ് താരങ്ങളെ കൂട്ടുപിടിച്ച് പ്രതിഷേധങ്ങൾ തണുപ്പിക്കാൻ മോദി സർക്കാർ
ദില്ലി: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ തണുപ്പിക്കാൻ ബോളിവുഡ് താരങ്ങളെ കൂട്ടുപിടിച്ചു മോദി സർക്കാർ. പൗരത്വ ഭേദഗതിയെകുറിച്ച് ചർച്ച ചെയ്യാൻ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ, പാർട്ടി ഉപാധ്യക്ഷൻ ജയ് പാണ്ഡ എന്നിവർ താരങ്ങളെ ക്ഷണിച്ചതായാണു റിപ്പോർട്ടുകൾ. ഞായറാഴ്ച രാത്രി എട്ടിനാണ് കേന്ദ്രമന്ത്രി താരങ്ങൾക്കായി അത്താഴം ഒരുക്കിയിരിക്കുന്നത്. മുംബൈയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലാണ് പരിപാടി നടക്കുന്നത്.
നിർമാതാവ് മഹാവീർ ജയ്നാണു പരിപാടി സംഘടിപ്പിക്കുന്നത്. പ്രധാനമന്ത്രിയും ബോളിവുഡ് താരങ്ങളും ചേർന്നുള്ള വൈറലായ സെൽഫിക്കു പിന്നിലും ജയ്നായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിലപാടുമായി രംഗത്തുവന്ന ബോളിവുഡ് താരങ്ങൾ ക്ഷണപ്പട്ടികയിൽ ഇടംപിടിച്ചിട്ടില്ല. അനുരാഗ് കശ്യപ്, സ്വര ഭാസ്കർ, റിച്ച ചദ്ദ, അനുഭവ് സിൻഹ എന്നിവരാണ് ഒഴിവാക്കപ്പെട്ടവരിൽ പ്രധാനികൾ. ബോളിവുഡിന്റെ സഹായത്തോടെ പ്രതിഷേധങ്ങളെ അതിജീവിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധങ്ങൾ ഉയർന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പൊതുയോഗങ്ങളിൽ പങ്കെടുത്ത് നേരിട്ട് വിശദീകരണം നൽകിയിരുന്നു. ഇതിനു പുറമേ പൗരത്വ നിയമ അനുകൂല റാലികളും സമൂഹമാധ്യമ കാന്പയ്നുകളും സംഘടിപ്പിച്ചു. ബിജെപി അനുകൂല നിലപാടുകൾ പറയുന്ന പ്രമുഖരെയും പ്രചാരണത്തിനായി അണിനിരത്തി. ഇതിനു പുറമേയാണു സർക്കാർ ബോളിവുഡ് താരങ്ങളെ കൂട്ടുപിടിക്കുന്നത്.