05 January, 2020 08:14:41 PM
ജെഎന്‍യുവിൽ ഗുണ്ടാ ആക്രമണം: യൂണിയൻ പ്രസിഡന്റിന് ഗുരുതര പരിക്ക്
ദില്ലി: ജവഹർലാൽ നെഹ്റു സർവകലാശാലയിൽ ഗുണ്ടാ ആക്രമണം. ഞായറാഴ്ച വൈകിട്ടോടെ സമരം ചെയ്യുന്ന വിദ്യാർഥികളെ പുറത്തുനിന്നെത്തിയ ഗുണ്ടകളും കാമ്പസിനുള്ളിലെ എബിവിപി പ്രവര്‍ത്തകരും ചേര്‍ന്നു തല്ലിച്ചതയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കാമ്പസിനുള്ളിലായിരുന്നു ആക്രമണം. 50-ൽ അധികം ആളുകൾ ആക്രമണ സംഘത്തിലുണ്ടായിരുന്നെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മുഖംമൂടി ധരിച്ചെത്തിയ അക്രമി സംഘം സമരം ചെയ്യുന്ന വിദ്യാർഥികളെ ആക്രമിക്കുകയും വാഹനങ്ങൾ തല്ലിത്തകർക്കുകയും ചെയ്തു. വിദ്യാർഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷിന് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റു. തന്നെ സംഘം മാരകമായി ആക്രമിച്ചെന്ന് ഐഷി ഘോഷ് പറഞ്ഞു. തലയ്ക്ക് പരിക്കേറ്റ ഐഷി അടക്കമുള്ള വിദ്യാർഥികളെ ഡൽഹി എയിംസിൽ (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) പ്രവേശിപ്പിച്ചു. വിദ്യാർഥികളെ സംരക്ഷിക്കാൻ ശ്രമിച്ച അധ്യാപകരെയും ഗുണ്ടകൾ തല്ലിച്ചതച്ചെന്ന് വിദ്യാർഥി യൂണിയന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽനിന്നു ട്വീറ്റ് ചെയ്തു.
എബിവിപിക്കാരാണ് ആക്രമണം നടത്തിയതെന്നും വെസ്റ്റ് ഗേറ്റിലെ ഹോസ്റ്റൽ ലക്ഷ്യമാക്കിയാണ് ഗുണ്ടകൾ നീങ്ങുന്നതെന്നും ട്വിറ്ററിൽ യൂണിയൻ ആരോപിച്ചു. വിദ്യാർഥികളെ എബിവിപിക്കാർ ആക്രമിച്ചത് പോലീസും സെക്യൂരിറ്റി ഗാർഡുകളും നോക്കിനിന്നതായും ആരോപണമുണ്ട്. ഹോസ്റ്റൽ ഫീസ് വർധനയും രജിസ്ട്രേഷൻ ബഹിഷ്കരണവുമായി ബന്ധപ്പെട്ടുള്ള സംഘർത്തിനിടെയാണു യൂണിയൻ ഭാരവാഹികളടക്കമുള്ള വിദ്യാർഥികളെ ഇരുമ്പു വടികൾ കൊണ്ട് എബിവിപി പ്രവർത്തകർ ആക്രമിച്ചതെന്നും വിദ്യാർഥികൾ പറയുന്നു.