04 January, 2020 07:57:05 AM
അനധികൃത സ്വത്ത് സമ്പാദനം: ഡിജിപി ജേക്കബ് തോമസിനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം
തിരുവനന്തപുരം: അനധികൃത സ്വത്തു സന്പാദിച്ചെന്ന പരാതിയിൽ ഡിജിപി പദവിയിലുള്ള ജേക്കബ് തോമസിനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം. ബിനാമി പേരിൽ തമിഴ്നാട്ടിൽ സ്വത്ത് സന്പാദിച്ചെന്ന പരാതിയിലാണ് അന്വേഷണം നടത്താൻ ആഭ്യന്തര വകുപ്പ് ക്രൈംബ്രാഞ്ചിനു നിർദേശം നൽകിയത്. ക്രൈംബ്രാഞ്ച് തിരുവനന്തപുരം എസ്പിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. തിരുവനന്തപുരം ശ്രീചിത്രാ മെഡിക്കൽ സെന്ററിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് അന്വേഷിക്കാൻ ജേക്കബ് തോമസ് ഉൾപ്പെട്ട സമിതിയെ കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ നിയോഗിച്ചതിനു പിന്നാലെയാണിത്.
ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് ബിനാമി പേരിൽ തമിഴ്നാട്ടിലടക്കം ഏക്കറുകണക്കിനു ഭൂമി കൈക്കലാക്കിയെന്ന കണ്ണൂർ സ്വദേശി സത്യൻ നരവൂരിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് 1998 ലെ പ്രൊഹിബിഷൻ ഓഫ് ബിനാമി പ്രോപ്പർട്ടി ട്രാൻസാക്ഷൻ ആക്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ ആഭ്യന്തര വകുപ്പ് ഉത്തരവിട്ടത്. ഈ മാസം 31നകം പ്രാഥമികാന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാനും നിർദേശിച്ചിട്ടുണ്ട്.
വാളും കത്തിയും അടക്കമുള്ളവ നിർമിക്കുന്ന ഷൊർണൂരിലെ സ്റ്റീൽ ആൻഡ് മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറാണു ജേക്കബ് തോമസ്. സർക്കാരിനെ വിമർശിച്ചതും തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കേ നടത്തിയ ഡ്രഡ്ജിംഗ് ക്രമക്കേടും അടക്കം നിരവധി കാര്യങ്ങളിൽ അന്വേഷണം ജേക്കബ് തോമസ് നേരിട്ടുവരികയാണ്. ഇതിന്റെ ഭാഗമായി ജേക്കബ് തോമസിനെ സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു.