03 January, 2020 09:47:26 PM
കാട്ടുതീ: ഓസ്ട്രേലിയയിൽ നടക്കുന്നത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഒഴിപ്പിക്കൽ
ന്യൂ സൗത്ത് വെയിൽസ്: കാട്ടുതീ പടരുന്ന ഓസ്ട്രേലിയയിൽ നടക്കുന്നത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഒഴിപ്പിക്കൽ. കാട്ടുതീ രൂക്ഷമാകുന്നതോടെ കൂട്ടത്തോടെയുള്ള ഒഴിപ്പിക്കലിനാണ് ന്യൂ സൗത്ത് വെയിൽസും വിക്ടോറിയയും സാക്ഷ്യം വഹിക്കുന്നത്. പടിഞ്ഞാറൻ വിക്ടോറിയയിലെ ബേസിബെൽ, കിഴക്കൻ ജിപ്സലാന്റിലെ ബോഗി ക്രീക്ക്, ബുള്ളുംവോൾ, വടക്ക് കിഴക്കൻ പ്രദേശമായ തലാംഗട്ട, ട്ടോവോങ് എന്നിവിടങ്ങളിലും കൂട്ടത്തോടെ ജനങ്ങളെ ഒഴിപ്പിച്ചു വരുന്നുവെന്ന് ഓസ്ട്രേലിയയിലെ ഔദ്യോഗിക റേഡിയോ എസ്ബിഎസ് മലയാളം റിപ്പോർട്ട് ചെയ്യുന്നു.
ന്യൂ സൗത്ത് വെയിൽസിലെ സൗത്ത് കോസ്റ്റിലും ഷോൾഹാവൻ, വടക്കൻ നൗറ, കോസ്സിസ്കോ നാഷണൽ പാർക്ക്, ബാറ്റ് ലോ, റിവറീന എന്നിവിടങ്ങളിലും ഒഴിപ്പിക്കൽ നടക്കുകയാണ്. ചൂട് വീണ്ടും കഠിനമാകുന്ന ഈ വാരാന്ത്യത്തോടെ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാകാനാണ് സാധ്യതയെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. ഇതേതുടർന്ന് വ്യാഴാഴ്ച വൈകിട്ടോടെ ഇരു സംസ്ഥാനങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ന്യൂ സൗത്ത് വെയിൽസിൽ അടിയന്തരാവസ്ഥ അഥവാ സ്റ്റേറ്റ് ഓഫ് എമർജൻസിയും വിക്ടോറിയയിൽ ഇതിന് സമാനമായ സ്റ്റേറ്റ് ഓഫ് ഡിസാസ്റ്ററുമാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
ന്യൂ സൗത്ത് വെയിൽസിൽ ഈ വര്ഷം കാട്ടുതീ തുടങ്ങിയതിന് ശേഷം ഇത് മൂന്നാം തവണയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതെങ്കിൽ പത്ത് വർഷത്തിന് ശേഷം ആദ്യമായാണ് വിക്ടോറിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. വിക്ടോറിയയിൽ ഈസ്റ്റ് ഗിപിസ്‌ലാൻഡ് പ്രദേശത്തും ആൽപൈൻ മേഖലയിലുമാണ് തീ രൂക്ഷമായിട്ടുള്ളത്. കാട്ടുതീ നാശം വിതയ്ക്കാൻ സാധ്യതയുള്ള മേഖലകളിൽ നിന്നും ജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. പൊലീസും മറ്റ് അധികൃതരും പ്രദേശത്തെ വീടുകൾ സമീപിച്ചു ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
നിർബന്ധിതമായി ആളുകൾ ഒഴിഞ്ഞു പോകണമെങ്കിലും നിർദ്ദേശം അനുസരിക്കാത്ത പക്ഷം ഇവരെ അറസ്റ്റ് ചെയ്തു നീക്കം ചെയ്യില്ലെന്ന് എമർജൻസി മാനേജ്‌മെന്റ് കമ്മീഷണർ ആൻഡ്രൂ ക്രിസ്പ് വ്യക്തമാക്കി. കാട്ടുതീ രൂക്ഷമാകുന്ന ഇടങ്ങളിൽ നിന്ന് ജനങ്ങളെ നിർബന്ധിതമായി ഒഴിപ്പിക്കാൻ സർക്കാരിന് അധികാരം നൽകുന്നതാണ് സ്റ്റേറ്റ് ഓഫ് ഡിസാസ്റ്റർ. തീ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സ്വകാര്യ വീടുകളും സ്ഥലങ്ങളും കൈവശപ്പെടുത്താനും അടിയന്തര സാഹചര്യങ്ങളിൽ ഏതൊരു സർക്കാർ ഏജൻസിയോടും വേണ്ട നടപടികൾ കൈക്കൊള്ളാൻ നിർദ്ദേശം നൽകാനും സർക്കാരിന് ഇത് അധികാരം നൽകുന്നുണ്ട്.