03 January, 2020 12:08:46 PM
ബാഗ്ദാദ് എയർപോർട്ടിൽ യുഎസ് വ്യോമാക്രമണം: ഇറാൻ ചാരത്തലവൻ ഉൾപ്പെടെ 7 പേർ കൊല്ലപ്പെട്ടു
ബാഗ്ദാദ്: ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന യു എസ് വ്യോമാക്രമണത്തിൽ ഇറാനിയൻ ജനറൽ ഖാസിം സുലൈമാനി ഉൾപ്പെടെ ഏഴുപേർ കൊല്ലപ്പെട്ടു. ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് തലവനാണ് ജനറൽ ഖാസിം സുലൈമാനി. ഇറാന്‍റെ പിന്തുണയുള്ള പോപുലർ മൊബിലൈസേഷൻ ഫോഴ്സിലെ ഡെപ്യൂട്ടി കമാൻഡർ അബു മഹ്ദി അൽ - മുഹന്ദിസും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
ഇതിനിടെ, ബാഗ്ദാദിലെ വ്യോമാക്രമണം യു എസ് സ്ഥിരീകരിച്ചതായി വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. യു.എസ് വ്യോമാക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെട്ടതായി സുരക്ഷ ഉദ്യോഗസ്ഥൻ അറിയിച്ചു. അതേസമയം, കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞതായും സുരക്ഷ ഉദ്യോഗസ്ഥർ അറിയിച്ചു.
യു.എസ് വിരുദ്ധ പ്രക്ഷോഭകർ കഴിഞ്ഞദിവസം ബാഗ്ദാദിലെ യു.എസ് എംബസിക്ക് നേരെ കഴിഞ്ഞദിവസം ആക്രമണം നടത്തിയിരുന്നു. പ്രതിഷേധക്കാർ യു എസ് സൈനികരുമായി ഏറ്റുമുട്ടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് യു എസിന്‍റെ വ്യോമാക്രമണം ഉണ്ടായിരിക്കുന്നത്. നേരത്തെ, യു എസ് എംബസി ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് യു എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചിരുന്നു.