01 January, 2020 01:29:46 PM
പൗരത്വ ഭേദഗതി ബില്: കേരളം പാസാക്കിയ പ്രമേയം രാജ്യത്താകെ ശ്രദ്ധപിടിച്ചുപറ്റി - മുഖ്യമന്ത്രി
തിരുവനന്തപുരം: പൗരത്വ ഭേദഗതി ബില്ലിനെതിരെ സംസ്ഥാന സർക്കാർ പാസാക്കിയ പ്രമേയം രാജ്യത്താകെ ശ്രദ്ധപിടിച്ചുപറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ പാസാക്കിയ പ്രമേയത്തിനും മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കും എതിരേ രാജ്യസഭയിൽ അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയ വിഷയത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. നിയമസഭയ്ക്ക് അതിന്റേതായ അധികാരമുണ്ടെന്നും അത് എല്ലാവരും മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ വിഷയത്തിൽ അവകാശ ലംഘന നോട്ടീന്റെ കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി രാജ്യത്ത് ഇപ്പോൾ നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ മാത്രം നടക്കുന്നതുകൊണ്ട് ഈ വിഷയത്തിൽ എന്തുണ്ടാകുമെന്ന് അറിയില്ലെന്നും പരിഹസിച്ചു. നേരത്തെ, ബിജെപി നേതാവും രാജ്യസഭ എംപിയുമായ ജി.വി.എൽ നരസിംഹ റാവു ആണ് രാജ്യസഭ അധ്യക്ഷന് പിണറായി വിജയനെതിരേ നോട്ടീസ് നൽകിയത്.
പാർലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം ഭരണഘടന വിരുദ്ധവും നിയമവിരുദ്ധവും ആണെന്നു ചൂണ്ടിക്കാട്ടി കേരള നിയമ സഭ പ്രമേയം പാസാക്കിയിരുന്നു. പ്രമേയം അവതരിപ്പിച്ചു സംസാരിക്കുന്നതിനിടെ ബില്ല് ഭരണഘടന വിരുദ്ധമാണെന്നും കേരളത്തിലെ ജനങ്ങൾ ഇതിനെ എതിർക്കണമെന്നും ആഹ്വാനം ചെയ്തു. ഇത് പാർലമെന്റിന്റെ നിയനിർമാണ അധികാരത്തോടും പൗരത്വം സംബന്ധിച്ചുള്ള വിഷയങ്ങളിലുള്ള പ്രത്യേക അധികാരത്തോടുമുള്ള വെല്ലുവിളിയാണെന്ന് നരസിംഹ റാവു ആരോപിച്ചിരുന്നു. പിണറായി വിജയനെതിരേ അവകാശ ലംഘനത്തിന് നടപടി എടുക്കുന്ന വിഷയം ജനുവരി മൂന്നിന് ചേരുന്ന രാജ്യസഭയുടെ അച്ചടക്ക സമിതി യോഗത്തിൽ ചർച്ച ചെയ്യണമെന്നുമാണ് സമിതി അംഗം കൂടിയായ നരസിംഹ റാവുവിന്റെ ആവശ്യം
ഭരണഘടനയുടെ പതിനൊന്നാം വകുപ്പനുസരിച്ച് പൗരത്വ വിഷയങ്ങളിൽ പാർലമെന്റിന് പൂർണാധികാരമുണ്ട്. 256-ാം വകുപ്പിന്റെ ഏഴാം പട്ടിക അനുസരിച്ച് പൗരത്വം യൂണിയൻ ലിസ്റ്റിൽ പെടുന്ന വിഷയവുമാണ്. ഇക്കാര്യത്തിൽ പാർലമെന്റിന് സവിശേഷ അധികാരമാണുള്ളത്. അതിന്റെ അടിസ്ഥാനത്തിൽ പിണറായി വിജയന്റെ പ്രസ്താവനയും നടപടിയും ഭരണഘടനാ വ്യവസ്ഥകളുടെ നഗ്നമായ ലംഘനമാണ്. മാത്രമല്ല പിണറായി വിജയന്റെ നടപടി ഒരു അപകടകരമായ തുടർച്ചയ്ക്കു വഴിയൊരുക്കുമെന്നും ബിജെപി എംപി പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.