27 December, 2019 02:27:35 PM
ക്രിസ്മസിന് ഐഎസിന്‍റെ മനുഷ്യബലി: നൈജീരിയയില്‍ കുരുതി കൊടുത്തത് 11 ക്രിസ്ത്യാനികളെ
ബാഗ്ദാദ്: പശ്ചിമേഷ്യന്‍ രാജ്യത്ത് നിന്നും തുരത്തപ്പെട്ട ഇസ്‌ളാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കരുത്തു കാട്ടുന്നു. നൈജീരിയയില്‍ ക്രിസ്മസ് ദിനത്തില്‍ തടവിലാക്കപ്പെട്ട 11 ക്രിസ്ത്യാനികളെ ഇസ്‌ളാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ കൊലപ്പെടുത്തി. ഇറാഖിലും സിറിയയിലുമായി തങ്ങളുടെ നേതാക്കളെ കൊലപ്പെടുത്തിയതിനോടുള്ള പ്രതികാരമാണ് നടപടിയെന്നാണ് ഇവര്‍ പറഞ്ഞിരിക്കുന്നത്. ഐഎസിന്റെ ആഫ്രിക്കന്‍ പ്രവിശ്യ വിഭാഗം കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.
13 ബന്ദികളുടേയും വീഡിയോ ബുധനാഴ്ച ഐഎസ് പുറത്തുവിട്ടിരുന്നു. ഇതില്‍ പത്തു പേര്‍ ക്രിസ്ത്യാനികളും മുന്ന് പേര്‍ ഇസ്‌ളാമികളുമാണ്. മുസ്‌ളീങ്ങളില്‍ രണ്ടുപേരെ വെറുതേ വിട്ടെന്ന് ഐഎസ് പടിഞ്ഞാറന്‍ ആഫ്രിക്കാ വിഭാഗം പറഞ്ഞു. നേരത്തേ നൈജീരിയയിലെ ക്രിസ്ത്യന്‍ അസോസിയേഷനോട് തങ്ങളെ മോചിപ്പിക്കാന്‍ ഇടപെടണമെന്ന ബന്ദികളുടെ വീഡിയോ പുറത്തു വന്നതിന് തൊട്ടു പിന്നാലെയായിരുന്നു ഇവരെ തീവ്രവാദികള്‍ കൊലപ്പെടുത്തിയത്. 'ഇറാഖിലെയും സിറിയയിലെ തങ്ങളുടെ നേതാക്കളായ ബാഗ്ദാദിയെയും അബുല്‍ ഹസന്‍ മുജാഹിനിനെയും കൊലപ്പെടുത്തിയതിന് പകരം ചോദിക്കലാണ് നടപടിയെന്നാണ് ഐഎസ് വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്.
നൈജീരിയയില്‍െ വലിയ തീവ്രവാദ ഗ്രൂപ്പായ ബോക്കോഹറായും ക്രിസ്മസ് രാവില്‍ ഏഴു പേരെ കൊലപ്പെടുത്തിയിരുന്നു. നൈജീരിയയിലെ വടക്കുകിഴക്കന്‍ സ്‌റ്റേറ്റായ ബോര്‍ണോയിലെ ചിബോക്ക് നഗരത്തിന് സമീപത്തെ ക്രിസ്ത്യന്‍ ഗ്രാമമായ ക്വാറംഗലൂമിലായിരുന്നു ബോക്കോഹറാമിന്റെ നരവേട്ട. ചൊവ്വാഴ്ച രാത്രി ഏറെ വൈകി ട്രക്കുകളിലും മോട്ടോര്‍ സൈക്കിളുകളിലുമായി ക്വാറംഗലൂമിലേക്ക് കൊടുങ്കാറ്റ് പോലെ പാഞ്ഞെത്തിയ തീവ്രവാദി സംഘടന കൊള്ളയടിക്കുകയും കുടിലുകള്‍ക്ക് തീയിട്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചവരെ വെടിവെച്ചു കൊല്ലുകയുമായിരുന്നു. അതിന് ശേഷം കൗമാരക്കാരികളായ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോകുകയും ചെയ്തു. കഴിഞ്ഞ ഏപ്രിലിലും ഇവര്‍ ഈ രീതിയിലുള്ള കൊള്ള നടത്തിയിരുന്നു.
എന്നാല്‍ ചില തോക്കുധാരികള്‍ ഗ്രാമത്തിലേക്ക് വരുന്നതായി നേരത്തേ തന്നെ വിവരം കിട്ടിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടി രക്ഷപ്പെട്ടിരുന്നു. 2014 ല്‍ ചിബോക്കില്‍ നിന്നും 276 പെണ്‍കുട്ടികളെ ബോക്കോ ഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയിരുന്നു. ഇതില്‍ 57 പെണ്‍കുട്ടികള്‍ രക്ഷപ്പെടുകയും പിന്നീട് 107 പേരെ മോചിപ്പിക്കുകയും ചെയ്തു. എങ്കിലും 112 പേര്‍ ഇപ്പോഴും കസ്റ്റഡിയിലാണ്. അതിന് ശേഷം സൈന്യത്തെ ഇവിടെ കാവല്‍ നിര്‍ത്തിയിട്ടുണ്ടെങ്കിലും കൊള്ളയും കൊലയും തുടരുകയാണ്.