26 December, 2019 10:35:14 PM
ക്രിസ്മസ് കാര്‍ഡുകള്‍ക്കൊപ്പം ചൈനയില്‍ തടവില്‍ കഴിയുന്ന വിദേശികളുടെ സഹായാഭ്യര്‍ഥന കുറിപ്പുകള്‍
ലണ്ടന്‍: ക്രിസ്മസ് കാര്‍ഡുകള്‍ക്കൊപ്പം ചൈനയില്‍ തടവില്‍ കഴിയുന്ന വിദേശികളുടെ സഹായാഭ്യര്‍ഥന അടങ്ങുന്ന കുറിപ്പ്. വാര്‍ത്ത വലിയ വിവാദമായതോടെ ചൈനയിലെ ഫാക്ടറിയില്‍ ക്രിസ്മസ് കാര്‍ഡുകള്‍ നിര്‍മിക്കുന്നത് ടെസ്‌കോ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ലണ്ടനിലെ ടൂട്ടിംഗില്‍ നിന്നുള്ള ഫ്‌ലോറന്‍സെ വിഡ്ഡികോംബ് എന്ന കൊച്ചു പെണ്‍കുട്ടി തന്റെ സ്‌കൂള്‍ സുഹൃത്തുക്കള്‍ക്ക് ക്രിസ്മസ് കാര്‍ഡുകള്‍ അയയ്ക്കാനായി തയാറെടുക്കുന്നതിനിടെയാണ് സന്ദേശം ശ്രദ്ധയില്‍പ്പെട്ടത്.
ചൈനയിലെ ഷാങ്ഹായ് ക്വിങ്പു ജയിലിലെ വിദേശ തടവുകാരാണ് ഞങ്ങള്‍. തങ്ങളെ ഇവര്‍ നിര്‍ബന്ധ ജോലികള്‍ക്ക് പ്രേരിപ്പിക്കുന്നു. ദയവായി ഇക്കാര്യം മനുഷ്യാവകാശ സംഘടനയെ അറിയിക്കുക. നാല് വര്‍ഷം മുമ്ബ് ഇതേ ജയിലില്‍ തടവിലായിരുന്ന ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനായ പീറ്റര്‍ ഹംഫ്രിയെ ബന്ധപ്പെടുക'~ എന്നാണ് കുറിപ്പില്‍. വിഷയത്തിന്റെ ഗൗരവം മനസിലാക്കിയ ഫ്‌ലോറന്‍സെയുടെ അച്ഛന്‍ ബെന്‍ വിഡ്ഡികോംബ് ഈ കത്ത് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.
'ഉടന്‍ കത്തില്‍ പറഞ്ഞ പീറ്റര്‍ ഹംഫ്രിയെ ബന്ധപ്പെടുകയും അദ്ദേഹം ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. ഹംഫ്രി 2013-2015 കാലത്ത് ഷാങ്ഹായിയില്‍ തടവിലായിരുന്നു. അതിനാല്‍ ഇത് എഴുതിയത് ആ കാലഘട്ടത്തിലെ ജയില്‍ സുഹൃത്തുക്കളാണെന്നായിരുന്നു പീറ്റര്‍ ഹംഫ്രിയുടെ പ്രതികരണം. ജയിലിലുള്ളവര്‍ ചേര്‍ന്ന് എഴുതിയ സന്ദേശമാണെന്ന് എനിക്ക് ഉറപ്പുണ്ട്. ആരെന്നും അറിയാം. പക്ഷേ ഞാന്‍ ഒരിക്കലും പേര് വെളിപ്പെടുത്തില്ല. വിദേശ തടവുകാരുടെ ബ്‌ളോക്കില്‍ 250 പേരുണ്ട്. ഒരു സെല്ലില്‍ 12 തടവുകാരുമായി വളരെ ഇരുണ്ട ജീവിതമാണ് അവര്‍ നയിക്കുന്നത്. എന്നാല്‍ ഈ പ്രവര്‍ത്തി അവരെ പ്രതികൂലമായി ബാധിക്കും' പീറ്റര്‍ കൂട്ടിച്ചേര്‍ത്തു.