14 December, 2019 04:54:11 PM
തെറ്റൊന്നും ചെയ്തില്ല, ഇംപീച്ച് ചെയ്യുന്നത് അന്യായം; വൈകാരികമായി പ്രതികരിച്ച് ട്രംപ്
വാഷിങ്ടണ്‍: ഒരു തെറ്റും ചെയ്യാത്ത തന്നെ ഇംപീച്ച് ചെയ്യുന്നത് ന്യായമല്ലെന്നും തന്‍റെ നേതൃത്വത്തില്‍ രാജ്യം നല്ല രീതിയിലാണ് മുന്നോട്ടു പോവുന്നതെന്നും യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. വെള്ളിയാഴ്ച, പ്രസിഡന്‍റിനെതിരായ ഇംപീച്ച്‌മെന്‍റ് പ്രമേയം ജനപ്രതിനിധി സഭയുടെ ജുഡീഷ്യറി കമ്മിറ്റി ഭൂരിപക്ഷ വോട്ടോടെ അംഗീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപിന്‍റെ വികാരനിര്‍ഭരമായ പ്രതികരണം വന്നത്.
"ഞാനൊരു തെറ്റും ചെയ്യാത്തതിനാല്‍ എന്നെ ഇംപീച്ച് ചെയ്യുന്നത് ന്യായമല്ല. ഡെമോക്രാറ്റുകള്‍ വിദ്വേഷത്തിന്‍റെ പാര്‍ട്ടിയായി മാറിയിരിക്കുകയാണ്. അവര്‍ നമ്മുടെ രാജ്യത്തിന് നല്ലതല്ല", ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ജനപ്രതിനിധി സഭയുടെ ജുഡീഷ്യറി കമ്മിറ്റിയുടെ തീരുമാനത്തിനെതിരേ രണ്ട് മണിക്കൂറിനിടെ 123 തവണയാണ് ട്രംപ് ട്വീറ്റ് ചെയ്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇംപീച്ച്‌മെന്‍റുമായി ബന്ധപ്പെട്ട് യു.എസ്. പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെതിരേ ചുമത്തിയ കുറ്റങ്ങള്‍ ജുഡീഷ്യല്‍ സമിതി കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു.
ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡനെതിരേ അന്വേഷണം നടത്താന്‍ യുക്രൈനുമേല്‍ സമ്മര്‍ദം ചെലുത്തി അധികാര ദുര്‍വിനിയോഗം നടത്തി, ഇംപീച്ച്‌മെന്‍റ് വിചാരണയില്‍ സഹകരിക്കാതെ കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാക്കി എന്നീ കുറ്റങ്ങളാണ് വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പില്‍ സമിതി അംഗീകരിച്ചത്. 17-നെതിരേ 23 വോട്ടുകള്‍ക്കാണ്പ്രമേയം പാസായത്. ഇനി പ്രമേയത്തിന്മേല്‍ ജനപ്രതിനിധി സഭയില്‍ അടുത്തയാഴ്ച വോട്ടെടുപ്പ് നടക്കും. പ്രതിനിധി സഭയിലും ഇംപീച്ച്‌മെന്‍റ് പ്രമേയം പാസായാല്‍ ഇത് പിന്നീട് സെനറ്റില്‍ വിചാരണയ്‌ക്കെത്തും.